റിയാദ്: സെപ്റ്റംബർ 10ലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ച സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴി എണ്ണ കയറ്റുമതി പുനരാരംഭിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് പിന്നാലെ കഴിഞ്ഞ ആഴ്ച സൗദി അരാംകോ പൈപ്പ്ലൈൻ പരീക്ഷിക്കുകയും തുടർന്ന് കയറ്റുമതിക്കുള്ള എണ്ണ നീക്കം പുനരാരംഭിക്കുകയും ചെയ്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ കടത്താനുള്ള ശേഷിയുള്ളതാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ. ഇതിൽ ഏകദേശം 20 ലക്ഷം ബാരൽ സൗദിയുടെ പടിഞ്ഞാറൻ തീരത്തെ റിഫൈനറികളിലേക്ക് എത്തുന്നതിനാൽ ശേഷിക്കുന്ന അളവ് കയറ്റുമതിക്ക് ഉപയോഗിക്കാനാകും.
ഇറാനുമായുള്ള സംഘർഷത്തിനിടെ ആഗോള എണ്ണവിലയിലെ കുതിപ്പ് നിയന്ത്രിക്കാൻ ഈ പടിഞ്ഞാറൻ കയറ്റുമതി മാർഗം പ്രധാന പങ്കുവഹിച്ചിരുന്നു. ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇപ്പോഴും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൈപ്പ്ലൈൻ പുനരാരംഭിച്ചത് എണ്ണവിതരണത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
