റിയാദ്: സൗദിക്ക് പുറത്തുള്ള ധനവിപണികളിൽ ഇടപാടുകൾ നടത്തുന്ന ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനങ്ങൾക്കുള്ള പുതിയ നിയന്ത്രണ നിർദേശത്തിന്റെ കരട് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പുറത്തിറക്കി. ഒക്ടോബർ 27 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.
വിദേശ ധനവിപണികളിലെ ഇടപാടുകളിൽ ഉപഭോക്താക്കളുടെ അനുയോജ്യതാ മാനദണ്ഡങ്ങൾ ബാധകമാക്കുന്നതാണ് കരടിലെ പ്രധാന നിർദേശം. ഉപഭോക്താവിന്റെ വിവരങ്ങളിലോ സാഹചര്യങ്ങളിലോ കാര്യമായ മാറ്റമുണ്ടായാൽ മാത്രമേ ഓരോ തുടർ ഇടപാടിനും അനുയോജ്യത വീണ്ടും വിലയിരുത്തേണ്ടതുള്ളൂ.
വിദേശ വിപണികളിലെ മാർജിൻ ഇടപാടുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളും നിർദേശിച്ചിട്ടുണ്ട്. ഇടപാട് മൂല്യത്തിന്റെ കുറഞ്ഞത് 50 ശതമാനം മാർജിനായി ഉപഭോക്താവ് നൽകണം. ഉയർന്ന ലീവറേജുള്ള ഉപകരണങ്ങളിലും മൂലധനത്തിന്റെ പകുതിയിലധികം സഞ്ചിത നഷ്ടമുള്ള കമ്പനികളിലും ഇത്തരം ഇടപാടുകൾ നടത്തുന്നത് നിരോധിക്കാനും നിർദേശമുണ്ട്.
പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ ചട്ടങ്ങൾ അംഗീകരിക്കുക. നവംബർ 1 മുതൽ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.
അഭിപ്രായങ്ങളും നിർദേശങ്ങളും സൗദി കോംപറ്റിറ്റീവ്നസ് ആൻഡ് ബിസിനസ് സെന്ററിന്റെ ഇസ്തിത്ലാ പ്ലാറ്റ്ഫോം വഴി സമർപ്പിക്കാം.
