റിയാദ്: മുക്കാൽ നൂറ്റാണ്ടിലധികം മുൻപ്, അബ്ദുൽ അസീസ് രാജാവിന്റെ ഭരണകാലത്ത് (1948-ൽ) ഫലസ്തീന്റെ സംരക്ഷണത്തിനായി ആയുധമേന്തി പോരാട്ടത്തിനിറങ്ങിയ സൗദി സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും അപൂർവ്വ ചരിത്ര ചിത്രങ്ങളും രേഖകളും ‘ദാറത്ത് മലിക് അബ്ദുൽ അസീസ്’ (King Abdulaziz Foundation for Research and Archives) പുറത്തുവിട്ടു. 1367-1368 (AH) കാലഘട്ടത്തിൽ ഫലസ്തീൻ മണ്ണിൽ ധീരമായി പോരാടിയ സൗദി ഓഫീസർമാരുടെ അപൂർവ്വ ചിത്രങ്ങളും അന്നത്തെ പോരാളികളുടെ അനുഭവസാക്ഷ്യങ്ങളുമാണ് ഡയറി കുറിപ്പുകളിലൂടെയും രേഖകളിലൂടെയും പുറത്തുവന്നിരിക്കുന്നത്.

അറബ് ലീഗിന്റെ ആഹ്വാനപ്രകാരം അബ്ദുൽ അസീസ് രാജാവ് സൈനികർക്കും സാധാരണക്കാർക്കും പോരാട്ടത്തിന് അനുമതി നൽകുകയായിരുന്നു. സിറിയയിലെ ഡമാസ്കസിന് സമീപമുള്ള ക്വത്നയിൽ (Qatna) പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ഇവർ യുദ്ധക്കളത്തിലിറങ്ങിയത്. മുൻ കമാൻഡർ കേണൽ സഅദൂൻ ഹുസൈൻ അൽ-ഷമ്മരിയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്ത 376 സന്നദ്ധപ്രവർത്തകരുടെ പേരുകളും, രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും മെഡലുകൾ നേടിയവരുടെയും വിവരങ്ങളും സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ‘നിദാ അൽ-ഷഹാമ’ (Nidaa Al-Shahama) എന്ന പേരിൽ ദാറത്ത് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ അന്നത്തെ പോരാളികളായ റിട്ടയേർഡ് ലഫ്റ്റനന്റ് ജനറൽ അലി മാജിദ് ഖബ്ബാനി, ഇബ്രാഹിം ബിൻ സവാബ് അൽ-ഒതൈബി, മേജർ ജനറൽ അലി അൽ-ദിയാബ് അൽ-യാമി എന്നിവരുടെ പങ്ക് വിവരിക്കുന്നുണ്ട്. ഗാസ നഗരത്തിന്റെ കിഴക്കൻ മേഖലകളിലും അൽ-മജ്ദൽ പാതയിലും സൗദി സൈന്യം ശക്തമായ പ്രതിരോധം തീർത്തു. സന്നദ്ധപ്രവർത്തകനായ അൽ-ഒതൈബിയുടെ സാക്ഷ്യപ്പെടുത്തൽ പ്രകാരം 513 സൗദി സന്നദ്ധപ്രവർത്തകർ പോരാട്ടത്തിനിറങ്ങിയതിൽ 134 പേർ വീരമൃത്യു വരിക്കുകയും 34 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 130 പേർ ആദരിക്കപ്പെടുകയും ചെയ്തു. ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെട്ട ഈ ധീരത സൗദി അറേബ്യയ്ക്ക് ഫലസ്തീൻ വിഷയത്തിലുള്ള ഉറച്ച നിലപാടിന്റെ ചരിത്രപരമായ തെളിവാണ്.

