നിയോം സിറ്റിലെ ട്രോജിനയിലാണ് മത്സരം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ: പത്താമത് ഏഷ്യന്‍ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയിലെ ട്രോജിനയാണ് ഗെയിംസിന് വേദിയാകുക. ഗൾഫ് മേഖലയിലെ ആദ്യ മൗണ്ടൻ സ്കീയിങ് പ്രദേശമാണ് ട്രോജിന.
സൗദിയിൽ നിയോം സിറ്റിയിലെ പർവത വിനോദ സഞ്ചാര കേന്ദ്രമായ ട്രോജിനയാണ് പത്താമത് ഏഷ്യൻ വിൻ്റർ ഗെയിംസിന് വേദിയാകുക. 2029 ൽ നടക്കുന്ന ഗെയിംസിന് ആതിഥേയത്വം വഹിക്കുവാനുളള സന്നദ്ധത അറിയിച്ച് കൊണ്ടുള്ള കത്ത് ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് സൌദി കൈമാറിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച കംബോഡിയയിൽ നടന്ന ഒ.സി.എ ജനറൽ അസംബ്ലി ഏകകണ്ഠമായാണ് സൗദിയുടെ ആവശ്യം അംഗീകരിച്ചത്. സൌദി കായിക മന്ത്രിയും സൗദി ഒളിമ്പിക് ആൻഡ് പരാലിംബിക് കമ്മിറ്റി പ്രസിഡൻ്റുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, നിയോം നഗര പദ്ധതി സി.ഇ.ഒ നദ്മി അൽ നാസർ, ഒളിമ്പിക് കൗൺസിൽ ആക്ടിങ് പ്രസിഡന്റ് രാജാ രൺധീർ സിങ്എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. വിഷൻ 2030 മായി ബന്ധപ്പെട്ട സൗദിയുടെ സ്വപ്ന നഗര പദ്ധതിയായ ‘നിയോമിൽ, 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന, മഞ്ഞുവീഴ്ചയുള്ള പർവത വിനോദ സഞ്ചാര കേന്ദ്രമാണ് ട്രോജിന. ഗൾഫ് മേഖലയിലെ ആദ്യ മൗണ്ടൻ സ്കീയിങ് പ്രദേശം എന്ന പ്രത്യേകതയും ട്രോജിനക്കുണ്ട്. ഇവിടെ 2026 ഓടെ നിരവധി പദ്ധതികൾ പൂർത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.