ന്യൂയോർക്ക്: സൗദി അറേബ്യക്കെതിരായ ഹൂതി മിലീഷ്യയുടെ തുടർച്ചയായ അതിർത്തികടന്നുള്ള ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ (യുഎൻ) അപലപിച്ചു. റിയാദിനെ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമവും സാധാരണക്കാർക്കും ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളും യുഎൻ പ്രത്യേകം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച യുഎൻ ആസ്ഥാനത്ത് നടന്ന പ്രതിദിന വാർത്താസമ്മേളനത്തിൽ യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് ആണ് ഇക്കാര്യം അറിയിച്ചത്. സൗദിക്കെതിരായ ഹൂതികളുടെ അതിർത്തികടന്നുള്ള ആക്രമണങ്ങളെ യുഎൻ വീണ്ടും അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ സാധാരണക്കാർക്കും ഊർജ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയും ഹൂതി സേന ആക്രമണം നടത്തിയതായി ദുജാറിക് പറഞ്ഞു.
എല്ലാ കക്ഷികളും സംയമനം പാലിക്കുകയും കൂടുതൽ സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യെമനിലും പരിസര പ്രദേശങ്ങളിലും തുടരുന്ന സൈനിക സംഘർഷം യുഎൻ അതീവ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി പിന്തുണയുള്ള സർക്കാർ സേനയ്ക്കെതിരെ തഅസ്, ലഹിജ്, മാരിബ് എന്നിവിടങ്ങളിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ നിരോധിക്കുന്നതുൾപ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള ബാധ്യതകൾ എല്ലാ കക്ഷികളും പാലിക്കണമെന്നും യുഎൻ വക്താവ് ആവശ്യപ്പെട്ടു.
