റിയാദ്/സനാ: യെമനിൽ ഒരുവശത്ത് ഹൂതി മിലിഷ്യ സാധാരണക്കാരെ കൊന്നൊടുക്കുകയും പാവപ്പെട്ടവരെ യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുമ്പോൾ, മറുഭാഗത്ത് യെമൻ ജനതയുടെ ജീവനും ചരിത്രപൈതൃകത്തിനും സൗദി അറേബ്യ നൽകുന്ന കരുതൽ വ്യക്തമാക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. യെമനിലെ നിരപരാധികളായ സാധാരണക്കാർക്ക് വൻതോതിൽ ജീവഹാനി സംഭവിക്കാതിരിക്കാനും ചരിത്രപൈതൃകങ്ങൾ സംരക്ഷിക്കാനുമാണ് സഖ്യസേനയുടെ സൈനിക നടപടികൾ നിയന്ത്രിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ അഭിമുഖ ഭാഗങ്ങളാണ് നിലവിലെ സംഭവവികാസങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ലോകത്ത് അമേരിക്കയായാലും ഫ്രാൻസായാലും സൗദി അറേബ്യയായാലും നടക്കുന്ന സൈനിക നടപടികളിൽ അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും, എന്നാൽ ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണോ അല്ലയോ എന്നതിലാണ് യുദ്ധക്കുറ്റം നിർവചിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സൻആയിലേക്ക് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിട്ടും കരമാർഗം ഇരച്ചുകയറാതിരിക്കുന്നതും ഒരാഴ്ചയ്ക്കുള്ളിൽ സംഘർഷം അവസാനിപ്പിക്കാൻ കഴഞ്ഞിട്ടും അതിന് മുതിരാത്തതും സാധാരണക്കാരുടെ ജീവൻ ബലിയർപ്പിക്കപ്പെടാതിരിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ യുനെസ്കോയുമായും ഫ്രഞ്ച് സർക്കാരുമായും ചേർന്ന് യെമനിലെ പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിലും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യെമന് ഏറ്റവും വലിയ സാമ്പത്തിക-മാനുഷിക സഹായം നൽകുന്നതിലും സൗദി അറേബ്യ മുൻപന്തിയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, പടിഞ്ഞാറൻ തയ്സിൽ (Taiz) കനത്ത തിരിച്ചടിയും കമാൻഡർമാരുടെ മരണവും നേരിടുന്ന ഹൂതികൾ സനാ അടക്കമുള്ള നഗരങ്ങളിലെ ശുചീകരണ-ഡ്രെയിനേജ് തൊഴിലാളികളെ നിർബന്ധിച്ച് സൈനിക പരിശീലനത്തിന് വിധേയരാക്കി യുദ്ധക്കളത്തിലേക്ക് അയക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ ഹൂതികൾ യെമനിൽ 2.78 ലക്ഷത്തോളം കുറ്റകൃത്യങ്ങൾ ചെയ്തതായും, 1,616 സ്ത്രീകളും 1,345 കുട്ടികളും അടക്കം 19,478 സാധാരണക്കാരെ കൊന്നൊടുക്കിയതായും യെമൻ നെറ്റ്വർക്ക് ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡം വെളിപ്പെടുത്തി. യെമൻ ജനതയുടെ സുരക്ഷയ്ക്ക് സൗദി അറേബ്യ മുൻഗണന നൽകുമ്പോൾ, ശുചീകരണ തൊഴിലാളികളെപ്പോലും ബലിയാടുകളാക്കുന്ന ഹൂതികളുടെ ക്രൂരതയ്ക്കെതിരെ യെമനിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
