ജിദ്ദ: വെള്ളിയാഴ്ച രാത്രി അരമണിക്കൂറിനിടെ സൗദി അറേബ്യയിലെ ഏഴ് നഗരങ്ങളിലും ഗവർണറേറ്റുകളിലും സിവിൽ ഡിഫൻസ് തുടർച്ചയായി അടിയന്തര മുന്നറിയിപ്പുകൾ നൽകി. പിന്നീട് അപകടഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ജിദ്ദ, തായിഫ്, യൻബു, അൽഉല, ഖമീസ് മുഷൈത്ത്, ജിസാൻ, അബ്ഹ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുകൾ ലഭിച്ചത്.
ജിദ്ദ, തായിഫ്, യൻബു, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ രണ്ട് വീതം മുന്നറിയിപ്പുകളും അൽഉല, ജിസാൻ, അബ്ഹ എന്നിവിടങ്ങളിൽ ഓരോ മുന്നറിയിപ്പുമാണ് സിവിൽ ഡിഫൻസ് നൽകിയത്.
തുടർന്ന് ബാധിത പ്രദേശങ്ങളിൽ നിലനിന്നിരുന്ന അപകടഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിപ്പുകൾ പുറപ്പെടുവിച്ചു.
സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി സായുധസംഘം ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ സൗദി അധികൃതർ അടുത്തിടെ നിരവധി അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു.
