മക്ക: 1448 ഹിജ്റ വർഷത്തിലെ (2027) ഹജ്ജ് സീസണിനുള്ള ഭക്ഷണ വിതരണ കരാറുകാരുടെ യോഗ്യതാ അപേക്ഷകൾ മക്ക നഗരസഭ സ്വീകരിച്ചുതുടങ്ങി. സെപ്റ്റംബർ 12 ശനിയാഴ്ച, റബീഉൽ ആഖിർ 1 മുതലാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ഹാജിമാർക്ക് നൽകുന്ന സേവനങ്ങളുടെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും ഫീൽഡ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി നഗരസഭ നടത്തുന്ന ആദ്യഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് നടപടി. സേവനങ്ങളിൽ ഉയർന്ന നിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.
കരാറുകാരുടെ യോഗ്യതാ നിർണയത്തിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഭക്ഷണ വിതരണ സേവനങ്ങൾ നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ അംഗീകരിച്ച യോഗ്യതാ മാനദണ്ഡങ്ങൾക്കനുസരിച്ച് തങ്ങളുടെ വിവരങ്ങൾ പൂർത്തിയാക്കുകയും പുതുക്കുകയും വേണം. അപേക്ഷ അംഗീകരിക്കുന്നതിനായി നിർദേശിച്ചിട്ടുള്ള സാങ്കേതിക, ഭരണപരമായ ചട്ടങ്ങളും പാലിക്കണം.
സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണ സേവനങ്ങൾ ഹാജിമാർക്ക് ഉറപ്പാക്കുന്നതിനാണ് യോഗ്യതാ നടപടിക്രമം ലക്ഷ്യമിടുന്നതെന്ന് മക്ക നഗരസഭ വ്യക്തമാക്കി. സാങ്കേതിക മാനദണ്ഡങ്ങളും മേൽനോട്ട സംവിധാനങ്ങളും നടപ്പാക്കുന്നതിലൂടെ ഹജ്ജ് സീസണിലെ പ്രവർത്തന സജ്ജത വർധിപ്പിക്കാനും ഭക്ഷണ വിതരണ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും സാധിക്കുമെന്ന് നഗരസഭ അറിയിച്ചു.
