റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജിദ്ദയിൽ ആരംഭിക്കുന്ന വ്യോമപ്രകടനങ്ങൾ അൽ ഖോബറിലാണ് സമാപിക്കുക.
സെപ്റ്റംബർ 23ന് ആചരിക്കുന്ന സൗദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് ജിദ്ദ, റിയാദ്, അൽ ഖോബർ നഗരങ്ങളുടെ ആകാശത്ത് വ്യോമപ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്.
ജിദ്ദയിലെ പ്രദർശനം സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് റോഷൻ വാട്ടർഫ്രണ്ടിൽ ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ ആരംഭിക്കും. സെപ്റ്റംബർ 20 ഞായറാഴ്ച വരെ പ്രദർശനം തുടരും.
റിയാദിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 4 മണി മുതൽ വ്യോമപ്രകടനം നടക്കും. മൽഹമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററാണ് വേദി.
അൽ ഖോബറിൽ സെപ്റ്റംബർ 26, 27 തീയതികളിലാണ് വ്യോമപ്രകടനം. പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് മുന്നിലുള്ള അൽ ഖോബർ വാട്ടർഫ്രണ്ടിലാണ് പരിപാടി നടക്കുകയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
