റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ ചൊവ്വാഴ്ച രാവിലെ നിരവധി ഊർജമേഖലാ സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും നേരെ ആക്രമണമുണ്ടായതായി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് ചില സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകുകയും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. നിരവധി സൗദി പൗരന്മാർക്കും താമസക്കാർക്കും പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തീപിടിത്തം ഉണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ഫീൽഡ് സംഘങ്ങൾ എത്തി തീയണക്കുന്നതിനും പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും വിവിധ തോതിലുള്ള പരിക്കുകളേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ തുടർപ്രത്യാഘാതങ്ങൾ നേരിടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഊർജ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ അംഗീകരിച്ചിട്ടുള്ള പ്രവർത്തന പദ്ധതികൾക്ക് അനുസൃതമായി തുടരുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചുവരുന്നു.
അതേസമയം, അബ്ഹ, ഖമീസ് മുഷൈത്ത്, ജസാൻ, നജ്റാൻ എന്നിവിടങ്ങളിലെ സിവിലിയൻ, സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരായ ഹൂതി ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു.
സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മാത്രമല്ല, യമനിന്റെയും മേഖലയുടെയും സമാധാനത്തിനും ഭീഷണിയാകുന്ന ഹൂതികളുടെ ശത്രുതാപരവും ക്രിമിനൽ സ്വഭാവമുള്ളതുമായ നടപടികളെ രാജ്യം പൂർണമായി തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ വിഭവങ്ങളും ശേഷികളും കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമാനുസൃത അവകാശം സൗദിക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി പ്രദേശത്തെയും വിഭവങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ സിവിലിയന്മാർക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
