റിയാദ്: സൗദി അറേബ്യയിലെ സിവിൽ കേന്ദ്രങ്ങൾക്കും സാമ്പത്തിക താവളങ്ങൾക്കും പൗരന്മാർക്കും നേരെ ഹൂതി മിലിഷ്യകൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഗുരുതരമായ പ്രകോപനവും ഉത്തരവാദിത്തമില്ലാത്ത ശത്രുതാപരമായ നിലപാടുമാണെന്ന് യെമനിലെ പുനഃസ്ഥാപനത്തിനായുള്ള അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പ്രഖ്യാപിച്ചു. ഹൂതികളുടെ ഇത്തരം അക്രമങ്ങളെയും ഭീഷണികളെയും അതിശക്തമായി പ്രതിരോധിക്കുന്നതിനും അവരെ അടിച്ചമർത്തുന്നതിനും ആവശ്യമായ സൈനിക വിന്യാസങ്ങളും നടപടികളും സഖ്യസേനയുടെ സംയുക്ത കമാൻഡ് കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ എന്നീ നഗരങ്ങളിലെ സിവിൽ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 സാധാരണക്കാർക്ക് പരിക്കേറ്റതായി അൽ മാലിക്കി അറിയിച്ചു. ഇത് സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷയ്ക്കുള്ള കടുത്ത ഭീഷണിയുമാണ്. യെമനിലും അറബ്-ഇസ്ലാമിക് മേഖലയിലും സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ നിരസിക്കുന്ന ഹൂതികളുടെ തീവ്രവാദപരമായ ക്രിമിനൽ സ്വഭാവമാണ് ഇത്തരം ആക്രമണങ്ങളിലൂടെ പുറത്തുവരുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക മേഖലകൾക്കും ഭീഷണിയാകുന്ന ആക്രമണങ്ങളുടെ സ്രോതസ്സുകളെ പൂർണ്ണമായും നിർവീര്യമാക്കാനും ഇല്ലാതാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.
