റിയാദ് – കൊറോണക്കാലത്ത് നടത്തിയ നിക്ഷേപങ്ങളിലൂടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് 40 ശതമാനം ലാഭം കൈവരിച്ചതായി പി.ഐ.എഫ് ഗവർണർ യാസിർ അൽറുമയ്യാൻ പറഞ്ഞു*
കൊറോണക്കാലത്ത് 3500 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് വിദേശ വിപണികളിൽ പി.ഐ.എഫ് നടത്തിയത്. കൊറോണക്കാലത്തെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രതിസന്ധികളിൽ അകപ്പെട്ട കമ്പനികളിൽ നിക്ഷേപങ്ങൾ നടത്താനും തന്ത്രം തയാറാക്കുകയായിരുന്നു.
കൊറോണ മഹാമാരി ലോക സമ്പദ്‌വ്യവസ്ഥയുടെ തകർച്ചക്ക് കാരണമായി. കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ പി.ഐ.എഫ് ഡയറക്ടർ ബോർഡ് യോഗം ചേർന്നപ്പോൾ കൊറോണ പ്രതിസന്ധി മൂലമുള്ള അവസരങ്ങൾ നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് 3500 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയത്. മാസങ്ങൾക്കുള്ളിൽ 40 ശതമാനം വരുമാനം നേടാൻ ഈ നിക്ഷേപങ്ങളിലൂടെ സാധിച്ചു.
ഈ വർഷം സൗദി ഓഹരി വിപണി 34 ശതമാനം വളർച്ച രേഖപ്പെടുത്തി. അമേരിക്കൻ ഓഹരി വിപണികൾ 18 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണികളിൽ നടത്തിയ നിക്ഷേപങ്ങൾ പി.ഐ.എഫ് വരുമാനവും ആസ്തി മൂല്യവും ഉയരാൻ സഹായിച്ചു. ലൂസിഡ് എയർ കമ്പനിയിൽ 200 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് ഫണ്ട് നടത്തിയത്. ഈ കമ്പനിയുടെ മൂല്യം ഇപ്പോൾ 6000 കോടി ഡോളർ കവിഞ്ഞിരിക്കുന്നു. 2015 ൽ ഫണ്ടിന്റെ ആസ്തികൾ 150 ബില്യൺ ഡോളർ ആയിരുന്നു. ഇപ്പോൾ ഇത് 600 ബില്യൺ ഡോളറായിട്ടുണ്ട്. 2030 ഓടെ പി.ഐ.എഫ് ആസ്തികൾ മൂന്നു ട്രില്യൺ ഡോളർ ആയി ഉയർത്താൻ വിശദമായ തന്ത്രം തയാറാക്കിയിട്ടുണ്ട്.
നിലവിൽ പ്രതിവർഷം ഏഴു മുതൽ എട്ടു ശതമാനം വരെ വരുമാനം നേടാൻ സൗദിയിലടക്കമുള്ള ആസ്തികൾ ഫണ്ടിനെ സഹായിക്കുന്നു. സൗദിയിലും ചില വിദേശ വിപണികളിലും ഫണ്ട് നിക്ഷേപങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മിനിമം ഏഴു ശതമാനം വരുമാനമാണ് നിക്ഷേപങ്ങളിലൂടെ ഫണ്ട് ഉന്നമിടുന്നത്. നിക്ഷേപങ്ങളിലൂടെയുള്ള പ്രതിവർഷ വരുമാനം എട്ടു ശതമാനമാണ്. പ്രതിവർഷം 50 ബില്യൺ ഡോളർ പി.ഐ.എഫ് വരുമാനം നേടുന്നുണ്ട്.
2015 നു മുമ്പ് ഫണ്ടിന്റെ ആസ്തികളിൽ നല്ലൊരു ഭാഗം കിട്ടാക്കടങ്ങളായിരുന്നു. നിക്ഷേപ, വാണിജ്യ പ്രയോജനമില്ലാത്ത മേഖലകളിലാണ് ഫണ്ട് നിക്ഷേപങ്ങൾ നടത്തിയിരുന്നത്. വികസനം മാത്രം ഉന്നമിട്ടുള്ളതായിരുന്നു അക്കാലത്തെ നിക്ഷേപങ്ങൾ. ഇപ്പോൾ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത്.
ഏതു രീതിയിൽ പുറത്തു കടക്കുമെന്ന് അറിയാതെ ഒരു നിക്ഷേപത്തിലും പ്രവേശിക്കാൻ പി.ഐ.എഫിന് കഴിയില്ല. ഫണ്ടിന്റെ ഏതെങ്കിലും ആസ്തികൾക്ക് അമിത മൂല്യനിർണയം നടത്തുന്നില്ല. മറിച്ച് മൂല്യനിർണയം കുറക്കുകയാണ് ചെയ്യുന്നത്. ആസ്തി മൂല്യനിർണയത്തിൽ യാഥാസ്ഥിതികമായ സമീപമാണ് ഫണ്ട് പിന്തുടരുന്നത്.
ഫണ്ട് സാമ്പത്തിക സഹായത്തോടെ സൗദിയിൽ നടപ്പാക്കുന്ന പദ്ധതികളിൽ പ്രാദേശിക ഉള്ളടക്കം 60 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സൗദി സമ്പദ്‌വ്യവസ്ഥക്കുള്ള ചാലക ശക്തി എന്നോണം പുതിയ നിരവധി കാര്യങ്ങളിൽ നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ട്. പ്രാദേശിക ഉള്ളടക്കം ഇതിന്റെ ഭാഗമാണ്.
പി.ഐ.എഫ് 50 കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയും ഏറ്റെടുത്തതും വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തിയതുമായ കമ്പനികളും അടക്കം ഫണ്ടിനു കീഴിൽ ഇപ്പോൾ 85 കമ്പനികളുണ്ട്. ഫണ്ടിനു കീഴിലെ കമ്പനികളിൽ ഫണ്ട് ഡയറക്ടർ ബോർഡ് അംഗങ്ങളായി 450 പേരെ നിയമിച്ചിട്ടുണ്ട്. ഓരോ കമ്പനികളുടെയും പ്രവർത്തന മേഖലക്ക് അനുസരിച്ച പരിചയ സമ്പത്തും നൈപുണ്യങ്ങളുമുള്ളവരെയാണ് ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. 2015 ൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ 40 ൽ കുറവ് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. നിലവിൽ 1800 ഓളം ജീവനക്കാരുണ്ട്.
സൗദിയിൽ സ്വകാര്യ മേഖലയുമായി പി.ഐ.എഫ് മത്സരിക്കുന്നില്ല. വ്യത്യസ്ത മേഖലകളുടെ പുരോഗതിക്കും വളർച്ചക്കും പ്രതിസന്ധിയിലായ കമ്പനികളെ രക്ഷിക്കാനുമാണ് ഫണ്ട് പ്രവർത്തിക്കുന്നത്. വരുംവർഷങ്ങളിൽ പ്രതിവർഷം 200 ബില്യൺ റിയാൽ തോതിൽ പ്രദേശിക സമ്പദ്‌വ്യവസ്ഥയിൽ ഫണ്ട് ചെലവഴിക്കും. പി.ഐ.എഫിനു കീഴിലെ സൈഫ് സെക്യൂരിറ്റി സർവീസ് കമ്പനി സൗദി അറാംെേകായിലെ സെക്യൂരിറ്റി സേവന അനുഭവം പ്രയോജനപ്പടുത്തി. കമ്പനി സെക്യൂരിറ്റി ജീവനക്കാർക്ക് ഇപ്പോൾ സ്വകാര്യ, സർക്കാർ മേഖലകളിൽ നിന്ന് വലിയ ആവശ്യമുണ്ട്. പുതിയ ദേശീയ വിമാന കമ്പനി റിയാദ് കേന്ദ്രമായാണ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്തുക. 2024 ൽ പുതിയ കമ്പനി സർവീസുകൾ ആരഭിക്കുമെന്നും യാസിർ അൽറുമയ്യാൻ പറഞ്ഞു