കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കമാകുന്നു. സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് സലാല എയറും റിയാദിലേക്ക് ആകാശ എയറും പുതിയ സർവീസുകൾ ആരംഭിക്കും.
ഒക്ടോബർ 31 മുതൽ സലാല എയർ ജിദ്ദ–സലാല–കരിപ്പൂർ റൂട്ടിൽ സർവീസ് നടത്തും. ശനിയാഴ്ചകളിലാണ് സർവീസ്. ഉച്ചയ്ക്ക് 12.05ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.25ന് സലാലയിലെത്തും. തുടർന്ന് വൈകീട്ട് 6.30ന് സലാലയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്ന് സലാലയിലേക്കുള്ള മടക്ക സർവീസിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, ഒക്ടോബർ 25 മുതൽ ആകാശ എയർ റിയാദിലേക്ക് സർവീസ് ആരംഭിക്കും. റിയാദ് സർവീസിന്റെ റൊട്ടേഷൻ സർവീസായാണ് ബെംഗളൂരു സർവീസും ക്രമീകരിച്ചിരിക്കുന്നത്.
ജിദ്ദ സർവീസിലും ഇൻഡിഗോ മാറ്റം വരുത്തും. ഒക്ടോബർ 1 മുതൽ നിലവിൽ ഉപയോഗിക്കുന്ന എയർബസ് A320 വിമാനത്തിന് പകരം എയർബസ് A321neo വിമാനം സർവീസിന് ഉപയോഗിക്കും.
A320 വിമാനത്തിൽ 180 മുതൽ 186 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകുമ്പോൾ A321neo വിമാനത്തിൽ 220 മുതൽ 232 യാത്രക്കാർക്ക് യാത്ര ചെയ്യാനാകും. ഇതോടെ ജിദ്ദ സർവീസിൽ കരിപ്പൂരിൽ നിന്ന് കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കും.
