റിയാദ്: സിറിയയെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. യുഎസ് തീരുമാനം സ്ഥിരീകരിച്ച പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സൗദി വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
തീരുമാനത്തിൽ സിറിയൻ സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിച്ചു. സിറിയയിൽ ശാശ്വതമായ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള പുനർനിർമാണ-വികസന പ്രവർത്തനങ്ങളിൽ തുടർച്ചയായ പുരോഗതിയുണ്ടാകട്ടെയെന്നും സൗദി ആശംസിച്ചു.
സിറിയയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഭരണകൂട സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും സിറിയൻ സർക്കാർ സ്വീകരിക്കുന്ന അനുകൂല നടപടികൾക്ക് സൗദി അറേബ്യയുടെ പിന്തുണ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ സ്ഥിരതയും സമൃദ്ധിയും നിറഞ്ഞ ഭാവിയിലേക്കുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നതിൽ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
