പാരീസ്: സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജലിനുവേണ്ടി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അലിബ്രഹിം ഫ്രഞ്ച് ആരോഗ്യ, കുടുംബങ്ങൾ, സ്വയംഭരണം, ഭിന്നശേഷിക്കാർ എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയവുമായി തിങ്കളാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.
പൊതുജനാരോഗ്യം, ആരോഗ്യ സുരക്ഷ, ആരോഗ്യ സംവിധാനങ്ങളുടെ ഭരണം, ചികിത്സാ ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ആരോഗ്യ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും പ്രതികരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെയും വിദഗ്ധരുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിക്കും.
ഡിജിറ്റൽ ആരോഗ്യം, കൃത്രിമ ബുദ്ധി, ഗവേഷണ-വികസനം, നവീകരണം, ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങിയ മേഖലകൾക്കും ധാരണാപത്രത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ വ്യവസായം, ആരോഗ്യ വിതരണ ശൃംഖലകൾ, നിക്ഷേപങ്ങൾ, ആരോഗ്യ മേഖലയിലെ പങ്കാളിത്തങ്ങൾ എന്നിവയിലും സഹകരണം ശക്തമാക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം. വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും കൈമാറുന്നതിനും ഗവേഷണം, നവീകരണം, ഭാവിയിലെ ആരോഗ്യ സാങ്കേതികവിദ്യകളുടെ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ ശേഷി വികസനം, നിക്ഷേപം, വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി, ഔഷധ-ആരോഗ്യ സുരക്ഷ, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതും ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. സൗദി വിഷൻ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന ആരോഗ്യ മേഖലാ പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹകരണം സഹായകരമാകും.
