റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമീർ ഫ്രാൻസിലേക്ക് പുറപ്പെട്ടതായി സൗദി റോയൽ കോർട്ട് അറിയിച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം സൗദിയിൽ നിന്നും പുറപ്പെട്ടത്. ഞായറാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കിരീടാവകാശിയെ സ്വീകരിക്കും. 2024 ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്റ് സൗദി സന്ദർശിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കിരീടാവകാശിയുടെ മറുപടി സന്ദർശനം.
സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്ന് എലിസി പാലസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗദി-ഫ്രാങ്കോ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിൽ ഇരുനേതാക്കളും ആദ്യമായി അധ്യക്ഷത വഹിക്കും. മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗൾഫ് പങ്കാളികളുമായുള്ള ശക്തമായ സഹകരണം അത്യാവശ്യമായ വേളയിലാണ് ഈ കൂടിക്കാഴ്ച. സാമ്പത്തിക, തന്ത്രപ്രധാന വിഷയങ്ങൾക്ക് പുറമെ പ്രാദേശിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും.
ഞായറാഴ്ച പാരിസിൽ നടക്കുന്ന ഇ-സ്പോർട്സ് വേൾഡ് കപ്പ് (Esports World Cup) സമാപന ചടങ്ങിലും ഇരുനേതാക്കളും പങ്കെടുക്കും. സൗദി അറേബ്യയ്ക്ക് പുറത്ത് ആദ്യമായാണ് ഈ ആഗോള ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കപ്പെടുന്നത്. പാരിസ് ഒളിമ്പിക്സിന് ശേഷം കായിക, സാംസ്കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ പങ്കാളിത്തമെന്നും അധികൃതർ അറിയിച്ചു.
