റിയാദ്: ഞായറാഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂൾ ബസ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ വിദ്യാർത്ഥികൾ സുരക്ഷാ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികളെ സ്കൂൾ ട്രാൻസ്പോർട്ട് സേവനത്തിൽ നിന്ന് താൽക്കാലികമായോ, അല്ലെങ്കിൽ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകാതെ അധ്യയന വർഷം മുഴുവനായോ സസ്പെൻഡ് ചെയ്തേക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതിയ അധ്യയന വർഷത്തേക്കുള്ള (1448 ഹിജ്റ) സ്കൂൾ ട്രാൻസ്പോർട്ട് രജിസ്ട്രേഷൻ നൂർ (Noor) പോർട്ടൽ വഴി ആരംഭിച്ച വേളയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിവർഷം 200 റിയാലുള്ള ബസ് ഫീസിൽ നിന്ന് സാമൂഹിക ക്ഷേമ പദ്ധതികളിൽ (Social Security) ഉൾപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഇളവ് നൽകിയിട്ടുണ്ട്. ബസിനായി നിശ്ചിത സ്ഥലങ്ങളിൽ കാത്തുനിൽക്കുക, വരിയായി കയറുകയും ഇറങ്ങുകയും ചെയ്യുക, വിസിറ്റ് സീറ്റ് ബെൽറ്റുകൾ ധരിക്കുക, ഡ്രൈവറുടെ നിർദ്ദേശങ്ങൾ പാലിക്കുക, ബസിന്റെ ജനലിലൂടെ തലയോ കൈയോ പുറത്തിടാതിരിക്കുക, അപകടകരമായ വസ്തുക്കൾ ബസിൽ കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ബസിനുള്ളിലെ ശുചിത്വവും ഉപകരണങ്ങളും സംരക്ഷിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ സ്റ്റോപ്പുകൾ തെറ്റിക്കലോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡ്രൈവറെ അറിയിക്കണം. ബസ് പൂർണ്ണമായും നിർത്തിയ ശേഷം മാത്രമേ ഇറങ്ങാവൂ എന്നും, ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിലോ അപകടങ്ങളിലോ ഡ്രൈവറുടെ നിർദ്ദേശാനുസരണം എമർജൻസി എക്സിറ്റുകൾ വഴി ശാന്തമായി പുറത്തുകടക്കണം.
അതേസമയം, രക്ഷിതാക്കൾ യാതൊരു കാരണവശാലും സ്കൂൾ ബസുകളിൽ കയറാൻ പാടില്ലെന്നും പരാതികൾ സ്കൂളിലെ ട്രാൻസ്പോർട്ട് സൂപ്പർവൈസറെയോ എഡ്യൂക്കേഷണൽ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറിലോ ആണ് അറിയിക്കേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കമ്പനി നിശ്ചയിച്ചിട്ടുള്ള ബസ് റൂട്ടുകളിൽ രക്ഷിതാക്കൾ ഇടപെടരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
