റിയാദ്: 2027ലെ ഹജ്ജ് സീസണിനുള്ള തീർഥാടകരുടെ താമസ സൗകര്യങ്ങളുടെ പ്രവർത്തനം, ലൈസൻസിംഗ്, വർഗീകരണം എന്നിവ സംബന്ധിച്ച ചട്ടങ്ങളിൽ സൗദി ടൂറിസം മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ അംഗീകരിച്ചു. മക്കയിലും മദീനയിലും ഹജ്ജ് തീർഥാടകരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമായ നിയമലംഘനങ്ങളുടെ പട്ടികയ്ക്കും മന്ത്രാലയം അംഗീകാരം നൽകി.
ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ ഒരുക്കങ്ങൾ മെച്ചപ്പെടുത്തുക, സേവന നിലവാരം ഉയർത്തുക, ഹജ്ജ് സീസണിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുക എന്നിവയാണ് പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യം. ലൈസൻസ് നൽകുന്നതിന് മുമ്പ് തന്നെ താമസ സൗകര്യങ്ങൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രാലയം വക്താവ് നാസർ അൽ അൻസാരി പറഞ്ഞു.
പ്രവർത്തന സജ്ജത, സുരക്ഷാ മാനദണ്ഡങ്ങൾ, അറ്റകുറ്റപ്പണികൾ, ആവശ്യമായ അടിസ്ഥാന സേവനങ്ങളുടെ തുടർച്ച എന്നിവ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്ക് സുരക്ഷിതവും ക്രമബദ്ധവുമായ താമസം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന മാനദണ്ഡങ്ങളും പാലിക്കണം.
ഹജ്ജ് സീസണിലെ താമസ സൗകര്യങ്ങളെ ഇക്കണോമി, ഫസ്റ്റ് ക്ലാസ് എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ വർഗീകരണം. ഓരോ വിഭാഗത്തിനും പ്രത്യേക മാനദണ്ഡങ്ങളുണ്ടാകും. പൊതുസ്ഥലങ്ങൾ, താമസ മുറികൾ, റിസപ്ഷൻ ഏരിയ, ശുചിത്വം, അറ്റകുറ്റപ്പണി, അതിഥി സേവനങ്ങൾ തുടങ്ങിയവയ്ക്കും പ്രത്യേക വ്യവസ്ഥകൾ ബാധകമാകും.
ലൈസൻസ് അനുവദിക്കുന്നതിന് മുമ്പും പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പും പ്രവർത്തന കാലയളവിലും വിവിധ ഘട്ടങ്ങളിലായി പരിശോധനയും മേൽനോട്ടവും നടത്തും. ഇതിലൂടെ നിയമാനുസൃത പ്രവർത്തനവും സേവന നിലവാരവും കൂടുതൽ ശക്തിപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
തീർഥാടകരെ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പൊതുവായതും ദേശീയവുമായ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നൂറ്റാണ്ടുകളായി തുടരുന്ന തീർഥാടക സേവന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഹജ്ജ് താമസ സൗകര്യങ്ങൾക്കായി പുതിയ നിലവാരങ്ങൾ വികസിപ്പിച്ചതെന്നും മന്ത്രാലയം പറഞ്ഞു.
2027ലെ ഹജ്ജ് സീസണിൽ തീർഥാടകരെ താമസിപ്പിക്കുന്നതിന് ലൈസൻസ് നേടാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ നേരത്തെ തന്നെ ആരംഭിക്കണമെന്നും ആവശ്യമായ അറ്റകുറ്റപ്പണികളും ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രം ലൈസൻസിനായി അപേക്ഷ സമർപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
