വിയന്ന- പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉത്പാദനം വെട്ടിക്കുറക്കാൻ വിയന്നയിൽ ചേർന്ന ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങളുടെ 33-ാമത് മന്ത്രിതല യോഗം തീരുമാനിച്ചതോടെ രാജ്യാന്തര വിപണയിൽ എണ്ണ വില കൂടും.
അടുത്ത നവംബറിൽ എണ്ണക്ക് വില കൂടുമെന്നാണ് വിലയിരുത്തൽ. അമേരിക്ക അടക്കമുളള രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് എണ്ണ ഉൽപാദനം കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം. ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രതിബദ്ധതകൾ സൗദിയും ഒപെക് പ്ലസ് രാജ്യങ്ങളും തുടർന്നും നിർവഹിക്കുമെന്ന് സൗദി ഊർജമന്ത്രി വ്യക്തമാക്കി. ഒപെക് പ്ലസിന് പുറത്തുള്ള എല്ലാ എണ്ണ കയറ്റുമതിക്കാർക്കും ഞങ്ങൾ ചെയ്യുന്നത് അനിവാര്യമാണെന്നറിയാം. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കുള്ള അടിസ്ഥാന ശക്തിയായി ഒപെക് പ്ലസ് നിലനിൽക്കും. നാം ഇപ്പോൾ അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ തോത് അഭൂതപൂർവമാണ്. നിലവിലെ സാഹചര്യം വലിയ ഉപഭോക്താക്കൾക്ക് കടലാസ് വിപണിയെ ആശ്രയിക്കുന്നത് ബുദ്ധിമുട്ടാകും. ആഗോള മാർക്കറ്റിലെ ഡിമാന്റിൽ പണപ്പെരുപ്പ വിരുദ്ധ നയങ്ങളുടെ പ്രത്യാഘാതങ്ങൾ ഞങ്ങൾക്കറിയില്ലെന്നും രാജകുമാരൻ പറഞ്ഞു. കരാർ പ്രകാരം സൗദി അറേബ്യയുടെ ഉൽപാദന വിഹിതം നവംബറിൽ പ്രതിദിനം 10.48 ദശലക്ഷം ബാരലായി കുറയും.
മറ്റ് ഊർജ സ്രോതസുകളെ അപേക്ഷിച്ച് 2022 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ എണ്ണ വില വർധനവ് ശരാശരി ആറു ശതമാനമായി പിടിച്ചുനിർത്താൻ ഒപെക് പ്ലസിന് കഴിഞ്ഞുവെന്ന് പ്രതിഫലിപ്പിക്കുന്ന ചാർട്ട് അബ്ദുൽ അസീസ് രാജകുമാരൻ പ്രദർശിപ്പിച്ചു. ഗ്യാസിന് ഏഷ്യയിൽ 65 ശതമാനവും അമേരിക്കയിൽ 84 ഉം ഫ്രാൻസിൽ 76 ഉം യൂറോപ്യൻ യൂണിയനിൽ 69 ശതമാനവും വില കൂടി. കൽക്കരിക്ക് ചൈനയിൽ 33 ഉം അമേരിക്കയിൽ 125 ഉം യൂറോപ്യൻ യൂണിയനിൽ 109 ശതമാനവും വില കൂടിയെന്നും മന്ത്രി വ്യക്തമാക്കി. ഗ്യാസിന്റെയും കൽക്കരിയുടെയും വിലയിലുണ്ടായ വൻ വർധനയാണ് യൂറോപ്പിലെയും മറ്റ് പ്രദേശങ്ങളിലെയും വൈദ്യുതി വിലയിലെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്നും മന്ത്രി അറിയിച്ചു. എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനം നിരാശാജനകമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഒപെക് തീരുമാനത്തിൽ പ്രസിഡന്റ് നിരാശനാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് ബ്രയാൻ ഡീസും പ്രസ്താവനയിൽ പറഞ്ഞു