മക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. മക്കയിൽ വെച്ചാണ് മൂന്ന് രാജ്യങ്ങളും ചരിത്രപരമായ ഈ കരാറിൽ ഒപ്പുവെച്ചതെന്ന് സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.
കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം, മറ്റുള്ള രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കും.
തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ് എന്നിവരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീർ മക്കയിലെ അൽ സഫ കൊട്ടാരത്തിൽ സ്വീകരിച്ചു. തുടർന്ന് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധവും പൊതുവിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം, ഇസ്ലാമിക ഐക്യം, തന്ത്രപരമായ താത്പര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് മക്ക ഉച്ചകോടി നടന്നതെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.
മേഖലയിലും ലോകത്താകമാനവും സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും മൂന്ന് രാജ്യങ്ങളുടെയും കൂട്ടായ സുരക്ഷ ശക്തമാക്കുന്നതിനുമാണ് ഈ കരാറെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ മേഖലയിലെ എല്ലാത്തരം സഹകരണങ്ങളും വ്യാപിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി.
