റിയാദ്: ബിനാമി ബിസിനസ് തടയുന്നതിനുള്ള ദേശീയ വിഭാഗം കഴിഞ്ഞ ജൂലൈ മാസത്തിൽ സൗദി അറേബ്യയിലുടനീളം 5,270 പരിശോധനകൾ നടത്തി. പരിശോധനകളിൽ 130 ബിനാമി ബിസിനസ് സംശയ കേസുകൾ കണ്ടെത്തി.
നിയമലംഘനം നടത്തിയതായി സംശയിക്കുന്ന സ്ഥാപനങ്ങളെ അന്വേഷണത്തിനും ബിനാമി വിരുദ്ധ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വ്യാപാര സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായിരുന്നു പരിശോധന. ട്രാവൽ ആൻഡ് ടൂറിസം ഏജൻസികൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, റെഡിമേഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്.
കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും നിയമവിരുദ്ധമായി സമ്പാദിച്ച പണം കണ്ടുകെട്ടലുമാണ് ബിനാമി വിരുദ്ധ നിയമത്തിലെ ശിക്ഷകൾ.
ഇതിനുപുറമെ സ്ഥാപനം അടച്ചുപൂട്ടൽ, രജിസ്ട്രേഷൻ റദ്ദാക്കൽ, ബിസിനസ്സ് നിരോധനം, സകാത്തും നികുതികളും ഈടാക്കൽ, കുറ്റക്കാരായ വിദേശികളെ നാടുകടത്തലും പിന്നീട് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തലും ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷാനടപടികളും നേരിടേണ്ടി വരും.
