റിയാദ്: സഊദി അറേബ്യയുടെ പുതിയ എയർലൈനായ റിയാദ് എയറിന്റെ മുംബൈ സർവീസിന് വൻ സ്വീകാര്യത. സഊദിയുടെ തലസ്ഥാന നഗരിയിൽ നിന്ന് ഇന്ത്യയുടെ സുപ്രധാന വാണിജ്യ കേന്ദ്രത്തിലേക്കാണ് സർവ്വീസിന്ന് തുടക്കം കുറിച്ചത്. ആദ്യ പറക്കൽ ചടങ്ങിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു.
അതേസമയം, റിയാദിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളും വൈകാതെ ആരംഭിക്കുമെന്ന് റിയാദ് എയർ അധികൃതർ സൂചന നൽകി. മുംബൈയിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് റിയാദ് എയർ അധികൃതർ അറിയിച്ചു. സഊദി സമയം ഉച്ചയ്ക്ക് 2.05ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 8.35ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെത്തും. മുംബൈയിൽ നിന്നും രാത്രി 10.05ന് പുറപ്പെടുന്ന വിമാനം റിയാദിൽ പ്രാദേശിക
സമയം 11.05ന് റിയാദിൽ ലാൻഡ് ചെയ്യും.റിയാദ് എയറിന്റെ ബോയിംഗ് 787-9 ഡ്രീം ലൈനർ വിമാനമാണ് നാല് മണിക്കൂർ ദൈർഘ്യമുള്ള മുംബൈയിലേക്ക് സർവീസ് നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസിന്റെ ആദ്യപടിയെന്നോണമാണ് തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയതും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നുമായ മുംബൈയിലേക്കുള്ള റിയാദ് എയറിന്റെ യാത്ര. ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്ര ചരിത്രം കുറിക്കുന്നതാണെന്ന് റിയാദ് എയർ അധികൃതർ പറഞ്ഞു.
നിലവിൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലായി പതിമൂന്ന് നഗരങ്ങളിലേക്ക് എയർലൈൻ സേവനം നൽകുന്നുണ്ട്. അതേസമയം, ഇസ്ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് റിയാദ് എയർ. മൂന്നിടങ്ങളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ഇസ്ലാമാബാദിലേക്കുള്ള ആദ്യ സർവീസ് ആഗസ്റ്റ് 14 നും, ലാഹോറിലേക്കുള്ള സർവീസ് ആഗസ്റ്റ് 18 നും, മനിലയിലേക്കുള്ള സർവീസ് സെപ്റ്റംബർ 9നും ആരംഭിക്കും. ടിക്കറ്റുകൾ റിയാദ് എയർ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ബുക്ക് ചെയ്യാം. നിലവിൽ ഇന്ത്യ, യുകെ, സ്പെയിൻ, യു.എ.ഇ തുടങ്ങി ഒമ്പത് രാജ്യങ്ങളിലായി പതിമൂന്ന് നഗരങ്ങളിലേക്ക് എയർലൈൻ സേവനം നൽകുന്നുണ്ട്.
