മക്ക: ഹജ്ജ്, ഉംറ തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ കുടകൾ ഡിസൈൻ ചെയ്യുന്നതിനായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ ചലഞ്ച് പ്രഖ്യാപിച്ചു. മികച്ചതും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ആശയങ്ങൾ സമർപ്പിക്കാൻ ഡിസൈനർമാരെയും വിദഗ്ധ സ്ഥാപനങ്ങളെയും മന്ത്രാലയം ക്ഷണിച്ചു.
തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമുള്ളതും സുരക്ഷിതവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കടുത്ത വെയിലിൽ നിന്ന് മികച്ച സംരക്ഷണം നൽകുക, ഉപയോഗിക്കാനുള്ള എളുപ്പം, കൂടുതൽ സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
ഭാരം കുറഞ്ഞതും കൈയ്യിൽ കരുതാൻ എളുപ്പമുള്ളതുമായ കുടകളുടെ മാതൃകകളാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സൂര്യന്റെ ദോഷകരമായ രശ്മികളിൽ (UV) നിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം കഠിനമായ ചൂടിനെയും വലിയ ജനത്തിരക്കിനെയും താങ്ങാൻ ഇവയ്ക്ക് കഴിയണം.
കൂടാതെ, പുണ്യസ്ഥലങ്ങളുടെ ഭംഗിക്ക് അനുയോജ്യമായ രീതിയിലാകണം ഇവയുടെ നിർമാണം. ഹജ്ജ്, ഉംറ സമയത്ത് വലിയ അളവിൽ നിർമ്മിച്ച് നൽകാൻ കഴിയുന്നവയുമാകണം.
തീർഥാടകർക്ക് നടക്കുമ്പോൾ ചൂട് മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും തിരക്കുള്ള സ്ഥലങ്ങളിൽ എളുപ്പത്തിൽ നടക്കാനും ഇത് സഹായിക്കും. എല്ലാ തീർഥാടകർക്കും ഒരേപോലെയുള്ള കുടകൾ നൽകാനും മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
