ജിദ്ദ: സൗദിയിൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ഇനി ഗാർഹിക വിസകളിലേക്ക് (ഹൗസ് ഡ്രൈവർ, ഗാർഹിക ജീവനക്കാർ തുടങ്ങിയവ) മാറാൻ പുതിയ സംവിധാനമൊരുക്കി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം.
ഇതിനായി നിലവിലെ കമ്പനിയുടെ വർക്ക് പെർമിറ്റിന് കാലാവധിയുണ്ടായിരിക്കണം. എന്നാൽ ഡോക്ടർമാർ, അധ്യാപകർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയ ഉയർന്ന തസ്തികകളിൽ ഉള്ളവർക്കും പൂർണ്ണമായി സ്വദേശിവൽക്കരിച്ച ജോലികളിൽ ഉള്ളവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
വിസ മാറ്റത്തിന് പഴയ തൊഴിലുടമ ചേംബർ ഓഫ് കൊമേഴ്സ് വഴി നൽകിയ അനുമതി പത്രവും, പുതിയ തൊഴിലുടമയുടെ ശമ്പള സർട്ടിഫിക്കറ്റോ ബാങ്ക് സ്റ്റേറ്റ്മെന്റോ, തൊഴിലാളിയുടെ വിരലടയാളവും ഒപ്പുമുള്ള ഇഖാമ പകർപ്പും ഓൺലൈനായി സമർപ്പിക്കണം.
ഇതോടൊപ്പം ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി നൽകുന്നത് ഉറപ്പാക്കുന്ന വേതന സംരക്ഷണ പദ്ധതിയും നിർബന്ധമാക്കിയിട്ടുണ്ട്. ഒരു സൗദി പൗരന് 4 ഗാർഹിക തൊഴിലാളികളിൽ കൂടുതലോ, വിദേശിക്ക് 2 എണ്ണത്തിൽ കൂടുതലോ ഉണ്ടെങ്കിൽ അധികമുള്ള ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 സൗദി റിയാൽ വാർഷിക ഫീസ് അടയ്ക്കേണ്ടി വരും. എന്നാൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന കേസുകളിൽ ഇതിൽ ഇളവുണ്ടായിരിക്കും.
ആവശ്യമായ രേഖകളും നടപടികളും:
വേവർ ലെറ്റർ (Waiver Letter): നിലവിലെ തൊഴിലുടമ ചേംബർ ഓഫ് കൊമേഴ്സ് (Chamber of Commerce) വഴി സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് ഒഴിവാക്കൽ സാക്ഷ്യപത്രം നൽകണം.
സാമ്പത്തിക ശേഷി തെളിയിക്കണം: പുതിയ തൊഴിലുടമയുടെ ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം.
ഇഖാമ പകർപ്പ്: തൊഴിലാളിയുടെ വിരലടയാളവും ഒപ്പും രേഖപ്പെടുത്തിയ ഇഖാമയുടെ പകർപ്പ് സമർപ്പിക്കണം.
അപേക്ഷ വിവരങ്ങൾ: പുതിയ തൊഴിലുടമയുടെ പേര്, നാഷണൽ ഐഡി നമ്പർ, തൊഴിലാളിയുടെ ഉദ്ദേശിക്കുന്ന ഗാർഹിക തസ്തിക എന്നിവ വ്യക്തമാക്കണം.
ഫയൽ ഫോർമാറ്റ്: രേഖകൾ PDF, JPG, JPEG, PNG, DOCX, അല്ലെങ്കിൽ XLSX ഫോർമാറ്റുകളിൽ 3 MB-യിൽ കവിയാതെ ഇലക്ട്രോണിക് ആയി അപ്ലോഡ് ചെയ്യാം.
