റിയാദ്:സൗദി അറേബ്യൻ ബജറ്റ്’ എയർലൈനായ ഫ്ലൈനാസ്, റിയാദിൽനിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (നെടുമ്പാശ്ശേരി) ബന്ധിപ്പിച്ചുള്ള നോൺ-സ്റ്റോപ്പ് സർവിസുകൾ സെപ്റ്റംബർ രണ്ട് മുതലാണ് ആരംഭിക്കുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഈ സർവിസ് ലഭ്യമാകുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദിൽനിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ സർവിസ് നടത്തും. പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളി പ്രവാസികൾക്ക് ഈ പുതിയ സർവിസ് വലിയ ആശ്വാസമാകും.
കണക്റ്റിങ് വിമാനങ്ങളിലെ ദൈർഘ്യമേറിയ കാത്തിരിപ്പും യാത്രയിലുണ്ടാകുന്ന പ്രയാസങ്ങളും ഒഴിവാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നാട്ടിലെത്താൻ ഈ നോൺ-സ്റ്റോപ്പ് സർവിസ് സഹായിക്കും.
മധ്യകേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും യാത്ര ചെയ്യുന്നവർക്ക്’ പുതിയ സർവിസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടാതെ, എയർ ഇന്ത്യ എക്സ്സ് ഒക്ടോബർ മുതൽ തിരുവനന്തപുരം-റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കുന്നുണ്ട്. ഇതും റിയാദിലെ പ്രവാസികൾക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കും.
തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത് റിയാദിലുള്ള മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത് വ്യക്തമാക്കി.
