റിയാദ്: അമിതവണ്ണവും (Obesity) അമിതഭാരവും കുറയ്ക്കുന്നതിനും ഭാരം നിലനിർത്തുന്നതിനുമായി ദിവസവും കഴിക്കാവുന്ന ‘ഫൗണ്ടായോ’ (Foundaio) എന്ന പുതിയ ഗുളികയുടെ രജിസ്ട്രേഷന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അംഗീകാരം നൽകി. അമിതഭാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർക്കാണ് ഈ മരുന്ന് നിർദ്ദേശിക്കുന്നത്.
‘ഓർഫോർഗ്ലിപ്രോൺ’ (Orforglipron) എന്ന സജീവ ഘടകമടങ്ങിയ ഈ ഔഷധം, ആരോഗ്യകരമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമൊപ്പമാണ് ഉപയോഗിക്കേണ്ടത്.
ശരീരത്തിലെ GLP-1 റിസപ്റ്ററുകളെ ഉത്തേജിപ്പിച്ച് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുന്നു. നിലവിലുള്ള പല അമിതഭാര നിയന്ത്രണ കുത്തിവയ്പ്പുകളിൽ (Injections) നിന്നും വ്യത്യസ്തമായി ദിവസവും ഒരിക്കൽ വായിലൂടെ കഴിക്കാവുന്ന ഗുളിക രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
72 ആഴ്ചകൾ നീണ്ടുനിന്ന രണ്ട് നിർണ്ണായക ഘട്ട (Phase 3) ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം, മരുന്നിന്റെ സുരക്ഷയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് SFDA ഇതിന് അംഗീകാരം നൽകിയത്.
ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ:
ആദ്യ പരീക്ഷണം: പ്രമേഹമില്ലാത്ത അമിതവണ്ണമുള്ള 3,127 മുതിർന്നവരിൽ നടത്തിയ പരീക്ഷണത്തിൽ 36 മില്ലിഗ്രാം ഡോസ് കഴിച്ചവർക്ക് ശരാശരി 11.2% വരെ ശരീരഭാരം കുറഞ്ഞു.
രണ്ടാം പരീക്ഷണം: ടൈപ്പ്-2 പ്രമേഹവും അമിതവണ്ണവുമുള്ള 1,613 പേരിൽ നടത്തിയ പരിശോധനയിൽ 36 മില്ലിഗ്രാം ഡോസ് കഴിച്ചവർക്ക് ശരാശരി 9.6% ഭാരക്കുറവ് രേഖപ്പെടുത്തി.
പാർശ്വഫലങ്ങളും നിർദ്ദേശങ്ങളും:
ഛർദ്ദി, വയറിളക്കം, മലബന്ധം, വയറുവേദന, ദഹനക്കേട് തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പരീക്ഷണ ഘട്ടത്തിൽ ഏറ്റവും കൂടുതൽ കണ്ടത്. മുടികൊഴിച്ചിലും തളർച്ചയും ചിലരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരുന്നിന്റെ അളവ് കൂട്ടുന്ന ഘട്ടത്തിലാണ് ഇത്തരം പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും പിന്നീട് ഇത് കുറഞ്ഞതായും അതോറിറ്റി വ്യക്തമാക്കി.
തൈറോയ്ഡ് കാൻസർ അല്ലെങ്കിൽ പാരമ്പര്യമായി ഇത്തരം രോഗ ചരിത്രമുള്ളവർ ഈ മരുന്ന് ഉപയോഗിക്കരുതെന്ന് SFDA മുന്നറിയിപ്പ് നൽകി. കൃത്യമായ കൃത്യമായ ഡോക്ടറുടെ നിർദ്ദേശപ്രകാരവും നിരീക്ഷണത്തിലും മാത്രമേ ഇത് കഴിക്കാവൂ എന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
