റിയാദ്: അൽ ഹദീസ (Al Hadithah) അതിർത്തി ചെക്ക്പോസ്റ്റ് വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 36,773 അംഫെറ്റമിൻ (amphetamine) ലഹരി ഗുളികകൾ സക്കത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) പിടികൂടി.
സുരക്ഷാ സാങ്കേതിക വിദ്യകളും പരിശോധനാ രീതികളും ഉപയോഗിച്ച് ബസ് സ്കാൻ ചെയ്തപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് സാറ്റ്ക വക്താവ് ഹമ്മൂദ് അൽ ഹർബി അറിയിച്ചു. വാഹനത്തിന്റെ അടിയിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിലാണ് ഗുളികകൾ ഒളിപ്പിച്ചിരുന്നത്.
ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ എല്ലാ അതിർത്തികളിലും പരിശോധന കർശനമായി തുടരുമെന്നും ലഹരി കടത്ത് തടഞ്ഞ് സമൂഹത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അൽ ഹർബി പറഞ്ഞു.
ലഹരി കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സാറ്റ്കയുടെ സുരക്ഷാ ഹോട്ട്ലൈൻ നമ്പറായ 1910, ഇമെയിൽ (1910@zatca.gov.sa), അല്ലെങ്കിൽ അന്താരാഷ്ട്ര നമ്പറായ +966 11 910 വഴിയോ അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, ലഹരിമരുന്ന് പിടികൂടാൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
