നോൺസ്റ്റിക്ക് പാത്രങ്ങളിൽ സ്ക്രാച്ചുകളുണ്ടോ? ഭക്ഷണത്തിൽ കലരുന്നത് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കണങ്ങൾ; മുന്നറിയിപ്പുമായി പുതിയ പഠനം
നമ്മളിൽ ഭൂരിഭാഗം പേരുടെയും അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് നോൺസ്റ്റിക്ക് പാൻ (Non-stick pan). എളുപ്പത്തിൽ കഴുകാം, എണ്ണ കുറച്ചു മതി, മുട്ടയും ദോശയുമൊന്നും അടിയിൽ പിടിക്കില്ല എന്നിവയെല്ലാമാണ് ഇതിന്റെ ഗുണങ്ങൾ. എന്നാൽ, ഈ പാത്രങ്ങളിൽ ചെറിയ സ്ക്രാച്ചുകളോ (Scratches) തേയ്മാനമോ ഉണ്ടായാലും നമ്മളിൽ പലരും അത് കളയാൻ മടിക്കാറുണ്ട്. ഒരു ചെറിയ സ്ക്ട്രാച്ചല്ലേ എന്ന് കരുതി ഇത് തുടർന്ന് ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ്, ന്യൂകാസിൽ സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
‘സയൻസ് ഓഫ് ദി ടോട്ടൽ എൻവയോൺമെന്റ്’ (Science of the Total Environment) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, നോൺസ്റ്റിക്ക് പാത്രങ്ങളിലെ ഒരു ചെറിയ പോറലിലൂടെ പോലും ആയിരക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണങ്ങൾ നമ്മൾ പാകം ചെയ്യുന്ന ഭക്ഷണത്തിൽ കലരുന്നുണ്ട്.
ഗവേഷകർ കണ്ടെത്തിയത് എന്ത്?
നോൺസ്റ്റിക്ക് പാത്രങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ‘ടെഫ്ലോൺ’ (Teflon) കോട്ടിംഗ് യഥാർത്ഥത്തിൽ ഒരുതരം പ്ലാസ്റ്റിക് ആണ്. ഇത് PFAS (Per- and Polyfluoroalkyl Substances) എന്ന കെമിക്കൽ ഗ്രൂപ്പിൽ പെടുന്നു. ഇവ ഒരിക്കലും നശിച്ചുപോകാത്തതിനാൽ ‘ഫോറെവർ കെമിക്കലുകൾ’ (Forever Chemicals) എന്നും അറിയപ്പെടുന്നു.
പാചകം ചെയ്യുമ്പോൾ സ്പൂണോ തവിയോ തട്ടി ഈ കോട്ടിംഗിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താൻ ഗവേഷകർ റാമൻ ഇമേജിംഗ് (Raman Imaging), സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് (SEM) എന്നീ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്:
ഒരു ചെറിയ പോറലിൽ നിന്ന്: കോട്ടിംഗിൽ ഉണ്ടാകുന്ന ഒരു ചെറിയ സ്ക്രാച്ചിലൂടെ 9,100 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ പുറന്തള്ളപ്പെടുന്നു.
കൂടുതൽ തകരാറുള്ള പാത്രങ്ങളിൽ നിന്ന്: കോട്ടിംഗ് വൻതോതിൽ ഇളകിമാറിയ പാത്രങ്ങളിൽ നിന്ന് ഏകദേശം 23 ലക്ഷം പ്ലാസ്റ്റിക് കണങ്ങളാണ് ഭക്ഷണത്തിലേക്ക് കലരുന്നത്.
ഇതിലെ ഏറ്റവും ചെറിയ കണങ്ങൾ മനുഷ്യന്റെ തലമുടിയേക്കാൾ ആയിരം ഇരട്ടി ചെറുതാണ്.
രണ്ട് വർഷത്തോളം പഴക്കമുള്ള പാത്രങ്ങൾ സാധാരണ രീതിയിൽ ഇളക്കി പാകം ചെയ്യുന്ന അവസ്ഥ പരിശോധിച്ചപ്പോഴാണ് പുതിയ പാത്രങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് കണങ്ങൾ ഇവ പുറത്തുവിടുന്നതായി കണ്ടെത്തിയത്.
ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ഈ പ്ലാസ്റ്റിക് കണങ്ങൾ നേരിട്ട് ശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് പഠനങ്ങൾ തുടരുകയാണ്. എങ്കിലും, അമേരിക്കൻ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ (EPA) റിപ്പോർട്ടുകൾ പ്രകാരം, ശരീരത്തിൽ PFAS കെമിക്കലുകളുടെ അളവ് കൂടുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം:
1. വന്ധ്യത അല്ലെങ്കിൽ ഗർഭധാരണ ശേഷി കുറയുക.
2. കുട്ടികളിൽ വളർച്ചാക്കുറവ്.
3. ചിലതരം കാൻസറുകൾ പിടിപെടാനുള്ള സാധ്യത.
അമിതമായി ചൂടാക്കുന്നത് അപകടം: നോൺസ്റ്റിക്ക് പാത്രങ്ങൾ ഒഴിഞ്ഞ നിലയിൽ ഉയർന്ന ചൂടിൽ (500°F-ന് മുകളിൽ) വെക്കുകയാണെങ്കിൽ ഇതിലെ കോട്ടിംഗ് ഉരുകി വിഷപ്പുക പുറത്തുവിടാൻ തുടങ്ങും. ഇത് ശ്വസിക്കുന്നത് വഴി മനുഷ്യരിൽ പനി, തലവേദന, തൊണ്ടവേദന (Polymer fume fever) എന്നിവ ഉണ്ടാകാം. വീട്ടിൽ വളർത്തുന്ന പക്ഷികളുടെ ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന ഈ പുക അവയുടെ മരണത്തിന് വരെ കാരണമാകാറുണ്ട്.
‘PFOA-Free’ എന്ന് എഴുതിയിരിക്കുന്നത് സുരക്ഷിതമാണോ?
ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന ഭൂരിഭാഗം നോൺസ്റ്റിക്ക് പാത്രങ്ങളിലും ‘PFOA-Free’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. മുൻപ് ടെഫ്ലോൺ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതുമായ PFOA എന്ന രാസവസ്തു 2015-ഓടെ കമ്പനികൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനർത്ഥം ഇവയിൽ പ്ലാസ്റ്റിക് ഇല്ലെന്നല്ല. ഇപ്പോഴും ഈ പാത്രങ്ങളിൽ PTFE എന്ന പ്ലാസ്റ്റിക് കോട്ടിംഗ് തന്നെയാണ് ഉപയോഗിക്കുന്നത്.
അടുക്കളയിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
നിങ്ങളുടെ പ്രിയപ്പെട്ട നോൺസ്റ്റിക്ക് പാൻ കൂടുതൽ കാലം സുരക്ഷിതമായി ഉപയോഗിക്കാൻ ഈ ശീലങ്ങൾ വളർത്തിയെടുക്കാം:
തടി/സിലിക്കൺ തവികൾ ഉപയോഗിക്കുക: സ്റ്റീൽ തവികളോ സ്പൂണുകളോ നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഉപയോഗിക്കരുത്. ഇവയാണ് കൂടുതൽ പോറലുകൾ ഉണ്ടാക്കുന്നത്. സിലിക്കൺ, പ്ലാസ്റ്റിക് അല്ലെങ്കിൽ തടി കൊണ്ടുള്ള തവികൾ മാത്രം ഉപയോഗിക്കുക.
സൂക്ഷിപ്പോടെ കഴുകുക: പാത്രം കഴുകാൻ സ്റ്റീൽ സ്ക്രബ്ബറുകൾ ഉപയോഗിക്കരുത്. മൃദുവായ സ്പോഞ്ച് മാത്രം ഉപയോഗിക്കുക.
ശരിയായി അടുക്കിവെക്കുക: പാത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെക്കുമ്പോൾ കോട്ടിംഗുകൾ തമ്മിൽ ഉരസി കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. ഇവയ്ക്കിടയിൽ മൃദുവായ തുണിയോ പേപ്പറോ വെക്കുക.
ഉപയോഗം പരിമിതപ്പെടുത്തുക: മുട്ട വറുക്കാനും പാൻകേക്കുകൾ ഉണ്ടാക്കാനും മാത്രം നോൺസ്റ്റിക്ക് ഉപയോഗിക്കുക. കൂടുതൽ ഇളക്കി മറിക്കേണ്ട കറികൾക്കും മറ്റ് പാചകങ്ങൾക്കും സ്റ്റീൽ (Stainless Steel) അല്ലെങ്കിൽ ഇരുമ്പ് (Cast Iron) പാത്രങ്ങൾ ശീലമാക്കുക.
ഏറ്റവും പ്രധാനം: നിങ്ങളുടെ നോൺസ്റ്റിക്ക് പാത്രത്തിലെ കോട്ടിങ് ഇളകിത്തുടങ്ങുകയോ, നിറം മാറുകയോ, വലിയ പോറലുകൾ വീഴുകയോ ചെയ്താൽ ലാഭം വിചാരിക്കാതെ അത് അടുക്കളയിൽ നിന്നും മാറ്റി പുതിയത് വാങ്ങുക.
