ജിദ്ദ – ഈ വർഷം ആദ്യ പകുതിയിൽ ജിദ്ദ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം രണ്ടര കോടിയോളമായി ഉയർന്നതായി ജിദ്ദ എയർപോർട്ട്സ് കമ്പനി അറിയിച്ചു. 2026 ജനുവരി 1 നും ജൂൺ 30 നും ഇടയിൽ 2.45 കോടിയിലേറെ യാത്രക്കാർക്കാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം സേവനം നൽകിയത്. ഇക്കാലയളവിൽ ജിദ്ദ എയർപോർട്ടിൽ ആകെ 1,53,000 വിമാന സർവീസുകൾ നടന്നു. 2.89 കോടിയിലേറെ ബാഗേജുകൾ കൈകാര്യം ചെയ്തു. വിമാനത്താവളത്തിലെ പ്രവർത്തന പ്രക്രിയകളുടെ കാര്യക്ഷമതയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്
2026 ജനുവരി 17 ന് ജിദ്ദ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് രേഖപ്പെടുത്തി. അന്നേദിവസം 1,95,000 ലധികം യാത്രക്കാരാണ് ജിദ്ദ എയർപോർട്ട് ഉപയോഗപ്പെടുത്തിയത്.
ഈ വർഷം ആദ്യ പകുതിയിൽ ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ് മേഖലക്കുള്ള 2026 ലെ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ സിൽവർ സേഫ്റ്റി എക്സലൻസ് അവാർഡ് ജിദ്ദ വിമാനത്താവളത്തിന് ലഭിച്ചു. എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ ലെവൽ 4 ഉം എയർപോർട്ട് നേടിയിട്ടുണ്ട്. കാർബൺ ഉദ്വമനം നിയന്ത്രിക്കുന്നതിലും സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും ഇത് മികച്ച റാങ്കിംഗ് ആണ്. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലും പരിസ്ഥിതി സംരംഭങ്ങൾ നടപ്പാക്കുന്നതിലും നടത്തിയ ശ്രമങ്ങൾക്ക് അംഗീകാരമായി വിമാനത്താവളത്തിന് 2026 ലെ ഗ്രീൻ എയർപോർട്ട്സ് അവാർഡും ലഭിച്ചു.കൂടാതെ യാത്രക്കാരുടെ അനുഭവത്തിൽ ലെവൽ 4 അക്രഡിറ്റേഷനും നേടിയിട്ടുണ്ട്
പ്രതിവർഷം അഞ്ചു കോടി മുതൽ ആറു കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾക്കായുള്ള സ്കൈട്രാക്സ് റാങ്കിംഗിൽ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ആഗോള തലത്തിൽ മൂന്നാം സ്ഥാനം നേടി. ഇത് യാത്രക്കാരുടെ അനുഭവത്തിലും സേവന നിലവാരത്തിലും തുടർച്ചയായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഈ വർഷം ആദ്യ പകുതിയിൽ ഹജ്, ഉംറ സീസണുകൾ ജിദ്ദ എയർപോർട്ട് വിജയകരമായി കൈകാര്യം ചെയ്തു
ഹജ്, ഉംറ സീസണുകളിൽ തീർഥാടകരെ സേവിക്കാനും അവരുടെ യാത്രകൾ സുഗമമാക്കാനും ഉയർന്ന പ്രവർത്തന സാന്ദ്രതയിലും വിവിധ പങ്കാളികൾ തമ്മിലുള്ള അടുത്ത ഏകോപനത്തിലും ജിദ്ദ എയർപോർട്ട് തടസ്സമില്ലാതെയും പൂർണ്ണ സന്നദ്ധതയോടെയും പ്രവർത്തിച്ചു.
പ്രവർത്തനക്ഷമത വർധിപ്പിക്കാനും യാത്രക്കാരുടെ അനുഭവം ഉയർത്താനുമുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളെ ഈ ഫലങ്ങളും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതായി ജിദ്ദ എയർപോർട്ട്സ് കമ്പനി സി.ഇ.ഒ എൻജിനീയർ മാസിൻ ജൗഹർ പറഞ്ഞു. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും ദ്രുതഗതിയിലുള്ള വളർച്ചക്കൊപ്പം കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും സുസജ്ജതയുടെയും കാര്യക്ഷമതയുടെയും നിലവാരം ഉയർത്താനുമായി രണ്ടാം പകുതിയിൽ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും യാത്രക്കാരുടെ എണ്ണത്തിലെ തുടർച്ചയായ വളർച്ചക്ക് അനുസൃതമായി, സുരക്ഷയുടെയും സുസ്ഥിരതയുടെയും മേഖലകളിൽ ആഗോളതലത്തിൽ മികച്ച രീതികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ കമ്പനി തുടരുമെന്നും എൻജിനീയർ മാസിൻ ജൗഹർ കൂട്ടിച്ചേർത്തു
