ദോഹ: അടുത്ത മാസം ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ടിക്കറ്റ് മല്‍സരങ്ങള്‍ക്ക് ടിക്കറ്റെടുത്ത ശേഷം ഏതെങ്കിലും കാരണത്താല്‍ കളി കാണാന്‍ അസൗകര്യമുള്ളവര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ പുനര്‍ വില്‍പ്പന നടത്താന്‍ സംവിധാനവുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇന്നു മുതല്‍ ഇതിനായുള്ള പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമാവുമെന്ന് ഫിഫ ലോകകപ്പ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹസന്‍ റബീഅ അല്‍ കുവാരി അറിയിച്ചു.
Click here to join our WHATSAPP GROUP
ടിക്കറ്റ് ആവശ്യമില്ലാത്തവര്‍ക്ക് ഇതുവഴി അവ പുനര്‍വില്‍പ്പന നടത്താന്‍ സാധിക്കും.
ആദ്യഘട്ടത്തിലെ റാന്‍ഡം നറുക്കെടുപ്പ് വഴിയോ നേരിട്ടോ ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ക്ക് കളി കാണാന്‍ സാധിക്കില്ലെങ്കില്‍ ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് റീസെയില്‍ വിന്‍ഡോ. ടിക്കറ്റ് ഉടമകള്‍ ഈ പ്ലാറ്റ്‌ഫോം വഴി അവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് റീസെയില്‍ ടിക്കറ്റ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്താണ് പുനര്‍വില്‍പ്പന സാധിക്കുക. പുതുതായി ടിക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഈ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചിലരുടെ പക്കല്‍ ആവശ്യത്തേക്കാള്‍ കൂടുതല്‍ ടിക്കറ്റ് കൈവശമുണ്ടാവാം. അതേസമയം, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടൂര്‍ണമെന്റ് കാണാന്‍ ടിക്കറ്റിനായി കാത്തിരിക്കുന്ന ധാരാളം പേര്‍ പുറത്തുണ്ട്. ഇരു വിഭാഗക്കാര്‍ക്കും ഈ പ്ലാറ്റ്‌ഫോം
സഹായകമാവുമെന്ന് കുവാരി അഭിപ്രായപ്പെട്ടു. ഇങ്ങനെ ടിക്കറ്റുകള്‍ തിരികെ നല്‍കുന്നയാളില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നയാളില്‍ നിന്നും ഫിഫ നിശ്ചിത തുക ഈടാക്കും. ഇത് ടിക്കറ്റ് നിരക്ക് അനുസരിച്ച് അഞ്ച് ശതമാനമോ അല്ലെങ്കില്‍ രണ്ട് ഖത്തര്‍ റിയാലോ ആകും. അതേസമയം, റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ പുനര്‍വില്‍പ്പനയ്ക്കായി നല്‍കിയ എല്ലാ ടിക്കറ്റുകളും വിറ്റു പോവുമെന്ന് ഫിഫ ഉറപ്പുനല്‍കുന്നില്ല. നാട്ടില്‍ നിന്നുള്ള അതിഥികള്‍ക്കായി ടിക്കറ്റുകള്‍ വാങ്ങിയവര്‍ക്കും ഇതേ രീതിയില്‍ പുനര്‍വില്‍പ്പന നടത്താമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ലോകകപ്പ് ടിക്കറ്റുകളുടെ അവസാനഘട്ട വില്‍പ്പന പുരോഗമിക്കുകയാണെന്നും അല്‍ കുവാരി അറിയിച്ചു. ഫൈനല്‍ മത്സരം നടക്കുന്ന ഡിസംബര്‍ 18 വരെ ടിക്കറ്റ് വില്‍പ്പന തുടരും. ഫിഫ വെബ്‌സൈറ്റ് (FIFA.com/tickets) വഴിയാണ് വില്‍പ്പന. നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകള്‍ ഇതില്‍ ലഭ്യമാണ്. അവസാന ഘട്ടത്തിലും ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിന് കുറവില്ല. സന്ദര്‍ശകരുടെ ആധിക്യം കാരണം പലപ്പോഴും വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ 40 ദശലക്ഷം അപേക്ഷകളാണ് ടിക്കറ്റിനായി ലഭിച്ചതെന്നും കുവാരി പറഞ്ഞു. 25 ലക്ഷം പേര്‍ക്ക് ഇതിനകം ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു.
ലോകകപ്പിന്റെ അവസാന ദിവസം വരെ ടിക്കറ്റ് വില്‍പ്പന തുടരുമെങ്കിലും ആരാധകര്‍ കൂടുതലുള്ള ടീമുകളുടെ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ അവസാന ഘട്ടത്തില്‍ ലഭിക്കുക പ്രയാസമാണ്. ഇത്തരം പല മല്‍സരങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു. ഉദ്ഘാടന, ഫൈനല്‍ മല്‍സരങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. അതിനാല്‍ തന്നെ ഇവ ലഭിക്കുക വളരെ പ്രയാസമാണ്. എന്നാല്‍ നാലാമത്തെ വിഭാഗമായ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള താമസക്കാര്‍ക്ക് അന്തിമഘട്ട വില്‍പ്പനയില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന രാജ്യമെന്ന നിലയില്‍ നല്‍കിയിരിക്കുന്ന ഒരു ആനുകൂല്യമാണിതെന്നും അദ്ദേഹം അറിയിച്ചു. മറ്റു ടിക്കറ്റുകളെ അപേക്ഷിച്ച് ഇതിന് നിരക്ക് കുറവുമാണ്.
അതിനിടെ, ഭിന്ന ശേഷിക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് തടസ്സരഹിതമായി ലോകകപ്പ് ആസ്വദിക്കാനുള്ള എല്ലാ സന്നാഹങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവര്‍ക്ക് കളി കാണുന്നതിന് ഒരു സഹായിയെ അനുവദിക്കും. ഭിന്നശേഷിക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ അവര്‍ക്കൊപ്പം വരുന്ന ഒരു സഹായിക്ക് സൗജന്യമായി ടിക്കറ്റ് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഖത്തര്‍ ലോകകപ്പ് ടിക്കറ്റുകളെല്ലാം മൊബൈല്‍ ടിക്കറ്റുകളാക്കി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫ. ഇതിനായി ഒക്ടോബര്‍ രണ്ടാം പകുതിക്ക് മുമ്പ്, ഫിഫ ടിക്കറ്റിംഗ് ആപ്പ് പുറത്തിറക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ടിക്കറ്റുകള്‍ ഇതില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ലഭിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ഈ ആപ്പിലേക്ക് അപ്ലോഡ് ചെയ്ത് മൊബൈല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം.