മനാമ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ കടുത്ത പ്രത്യാക്രമണവുമായി ഇറാൻ. സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിലും (ബഹ്റൈൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, ഒമാൻ) ജോർദാനിലും ഇറാൻ ഒരേസമയം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. സുരക്ഷാ നടപടികൾ ശക്തമാക്കിയ ഭരണകൂടങ്ങൾ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഖത്തറിൽ അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പേർക്ക് പരിക്ക്; സ്ഫോടന ശബ്ദങ്ങൾ
രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ സായുധ സേന വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏത് ഭീഷണിയെയും നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും സുരക്ഷാ ഭീഷണി ഉയർന്ന നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, മിസൈലുകൾ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ ദോഹയുടെ ആകാശത്ത് മിസൈലുകൾ തടയുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എഫ്.പിയുടെ ലേഖകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിൽ സ്ഫോടന ശബ്ദങ്ങളും കേട്ടു. പൗരന്മാരും പ്രവാസികളും വീടുകളിൽ തന്നെ തുടരണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ മൊബൈൽ ഫോണുകൾ വഴി സുരക്ഷാ മുന്നറിയിപ്പ് നൽകി. സുരക്ഷാ ഏജൻസികളും സിവിൽ ഡിഫൻസും അടിയന്തര പ്രതികരണ പ്ലാൻ അനുസരിച്ച് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം
യു.എ.ഇ: ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയ്ക്കെതിരെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രതികരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തടസ്സപ്പെടുത്തിയതു മൂലമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ബഹ്റൈൻ: ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ബഹ്റൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി ഔദ്യോഗിക ടെലിവിഷൻ സ്ഥിരീകരിച്ചു. പ്രതിരോധ നടപടികൾ പൂർത്തിയായതായും നിലവിൽ അപകടസാഹചര്യം ഒഴിഞ്ഞതായും അധികൃതർ അറിയിച്ചു.
കുവൈത്ത്: കുവൈത്തിന്റെ വ്യോമാതിർത്തി ലംഘിച്ച ശത്രുതാപരമായ വ്യോമലക്ഷ്യങ്ങൾക്കെതിരെ കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് തിരിച്ചടി നൽകി. വിവിധ പ്രദേശങ്ങളിൽ കേട്ട സ്ഫോടനങ്ങൾ വ്യോമപ്രതിരോധ സംവിധാനം ശത്രു മിസൈലുകളെ തകർത്തതുകൊണ്ടാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൈന്യം വ്യക്തമാക്കി. സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അപകടമേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഒമാനിലും ജോർദാനിലും ഡ്രോൺ-മിസൈൽ പതനം
ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ചില ഭാഗങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാൻ വാർത്താ ഏജൻസി, രാജ്യത്തെയും താമസക്കാരെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ജോർദാനിൽ പുലർച്ചെയോടെ മൂന്ന് ഇറാൻ മിസൈലുകൾ പതിച്ചു. ആളപായമില്ലെങ്കിലും ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് സ്ഥലത്തെത്തി മിസൈൽ അവശിഷ്ടങ്ങൾ സുരക്ഷിതമായി മാറ്റി. ജോർദാന്റെ വ്യോമാതിർത്തിയോ ഭൂപ്രദേശത്തോ പ്രാദേശിക സംഘർഷങ്ങൾക്കായി വിട്ടുനൽകില്ലെന്ന് സായുധ സേന ജനറൽ കമാൻഡ് വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ജോർദാൻ സൈന്യം എട്ട് ഇറാൻ മിസൈലുകൾ തടഞ്ഞിരുന്നു.
അതേസമയം, ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനുള്ളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും എം.ക്യു-9 (MQ-9) ഡ്രോണുകൾ സൂക്ഷിച്ചിരുന്ന ഹാംഗറുകളും തങ്ങൾ തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ വിദേശ സൈനിക താവളങ്ങൾ രാജ്യത്തില്ലെന്നാണ് ജോർദാന്റെ ഔദ്യോഗിക നിലപാട്.
