റിയാദ്: ഇറാൻ മേഖലയിൽ തുടരുന്ന അസ്ഥിരീകരണ നീക്കങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇറാന്റെ ഈ പെരുമാറ്റങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഞായറാഴ്ച പുറത്തിറക്കിയ പ്രത്യേക വാർത്താക്കുറിപ്പിലാണ് സൗദി കടുത്ത ഭാഷയിൽ നിലപാട് വ്യക്തമാക്കിയത്.
വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ (UN) ചാർട്ടറിനും, ഇസ്ലാമിക് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (OIC) ചട്ടങ്ങൾക്കും, അയൽരാജ്യങ്ങൾ തമ്മിൽ പുലർത്തേണ്ട സൗഹൃദ തത്വങ്ങൾക്കും വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ സമുദ്ര സുരക്ഷയെയും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്നും സൗദി ഓർമ്മിപ്പിച്ചു.
കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഈ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഇറാന്റെ കടന്നുകയറ്റങ്ങളെയും മേഖലയിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള തുടർച്ചയായ നടപടികളെയും രാജ്യം പൂർണ്ണമായും തള്ളിക്കളയുന്നതായി സൗദി വീണ്ടും വ്യക്തമാക്കി.
