മിന – ഇത്തവണത്തെ ഹജ് സീസണിൽ ഇതുവരെ ഭക്ഷ്യവിഷബാധ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നഗരസഭാ, ഭവന മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി മക്കയിലും പുണ്യസ്ഥലങ്ങളിലും മക്ക നഗരസഭ തീവ്രമായ നിരീക്ഷണ, ആരോഗ്യ സംവിധാനം നടപ്പാക്കുന്നു. ഹജ് സീസണിൽ ഭക്ഷ്യസുരക്ഷാ നിലവാരം ഉയർത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി കാറ്ററിംഗ് സ്ഥാപനങ്ങളുടെ കിച്ചണുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, സംഭരണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നഗരസഭാ ഉദ്യോഗസ്ഥർ 29,000 ലേറെ പരിശോധനകൾ നടത്തി.
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അംഗീകൃത ആരോഗ്യ, സാങ്കേതിക ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി സ്ഥിരലബോറട്ടറികളും ഫീൽഡ് ലബോറട്ടറികളും വഴി 5,000 ലേറെ ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചു.
അഞ്ച് മൊബൈൽ ലബോറട്ടറികൾ, 10 ഓൺ-സൈറ്റ് ടെസ്റ്റിംഗ് ഉപകരണങ്ങൾ, 40 പരിശോധനാ വാഹനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ഭക്ഷ്യ നിരീക്ഷണ മേഖലാ ഉദ്യോഗസ്ഥർ ഫീൽഡിൽ പ്രവർത്തിക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയുടെ ദ്രുത പരിശോധനക്കും തീർഥാടകരുടെ തിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഉടനടി കൈകാര്യം ചെയ്യാനും സഹായിക്കും
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ശുചീകരണം, പരിസ്ഥിതി ശുചിത്വം, ആരോഗ്യ നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയുടെ തുടർച്ച ഉറപ്പാക്കാനുമായി, ഫീൽഡ് ടീമുകളുടെയും മുനിസിപ്പൽ സേവന കേന്ദ്രങ്ങളുടെയും സന്നദ്ധത വർധിപ്പിച്ചുകൊണ്ട് നഗരസഭാ, ഭവന മന്ത്രാലയം മിനായിയിൽ തശ്രീഖ് ദിനങ്ങളിൽ പ്രവർത്തന, മേൽനോട്ട പദ്ധതികൾ നടപ്പാക്കുന്നത് തുടരുകയാണ്.

















Leave a Reply