GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ അടുത്ത വർഷം മുതൽ വനിതാ വിഭാഗവും

ജിദ്ദ- മക്കയിലെ വിശുദ്ധ ഹറമിൽ വർഷം തോറും നടക്കാറുള്ള പ്രശസ്തമായ കിംഗ് അബ്ദു‌ൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ അടുത്ത വർഷം മുതൽ വനിതകൾക്കും പങ്കെടുക്കാം. ഇതുസംബന്ധിച്ച ശുപാർശയ്ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. അടുത്ത വർഷം നടക്കുന്ന 46-ാമത് മത്സരത്തിലായിരിക്കും വനിതകൾക്കായി പ്രത്യേക വിഭാഗം ആരംഭിക്കുക. ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സമർപ്പിച്ച നിർദ്ദേശമാണ് രാജാവ് അംഗീകരിച്ചത്. ഹിജ്റ 1399-ൽ ആരംഭിച്ച ഈ മത്സരത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

മത്സരത്തിന്റെ സമാപന ചടങ്ങുകൾ ഹിജ്റ 1448 റബീഉൽ അവ്വൽ 6-ന് നടത്തുന്നതിനും രാജാവ് അനുമതി നൽകി.

അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഴ് ശൈലികളിലുള്ള ഖുർആൻ പാരായണം, ഖുർആൻ വ്യാഖ്യാനം, തജ്വീദ് നിയമങ്ങൾ പാലിച്ചുള്ള മനഃപാഠം, 15 ജുസ്‌അ് മനഃപാഠം, 5 ജുസ്അ് മനഃപാഠം എന്നിവയാണ് ഇതിലുൾപ്പെടുന്നത്. വിജയികൾക്ക് വൻതുകയാണ് സമ്മാനമായി ലഭിക്കുക. ഒന്നാം വിഭാഗത്തിലെ വിജയികൾക്ക് യഥാക്രമം അഞ്ച് ലക്ഷം, നാലര ലക്ഷം, നാല് ലക്ഷം റിയാൽ വീതം ലഭിക്കും. മറ്റു വിഭാഗങ്ങളിലും ലക്ഷക്കണക്കിന് റിയാലിന്റെ സമ്മാനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും 5,000 റിയാൽ വീതം പ്രോത്സാഹന സമ്മാനമായി നൽകും.

മത്സരാർത്ഥികൾക്ക് വിമാന ടിക്കറ്റ്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, ഹറം ഇമാമുമാരുമായി സംവദിക്കാനുള്ള അവസരം എന്നിവയും സൗദി സർക്കാർ ഒരുക്കും.

സ്വദേശങ്ങളിൽ നടക്കുന്ന പ്രാഥമിക റൗണ്ടുകളിൽ വിജയിക്കുന്നവരെയാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക മന്ത്രാലയങ്ങളും സംഘടനകളും ശുപാർശ ചെയ്യുന്നവരാണ് മക്കയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷങ്ങളിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവാക്കൾ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. വനിതാ വിഭാഗം കൂടി ഉൾപ്പെടുന്നതോടെ ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്കും അവരുടെ ഖുർആൻ പഠന മികവ് തെളിയിക്കാൻ വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.

വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും അതിന്റെ അർത്ഥം ഗ്രഹിക്കാനും യുവതലമുറയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. 48 വർഷങ്ങൾക്ക് മുമ്പ് ഹിജ്റ 1399-ലാണ് ആധുനിക സൗദിയുടെ ശില്പി അബ്‌ദുൽ അസീസ് രാജാവിന്റെ നാമധേയത്തിൽ ഈ മത്സരം ആരംഭിച്ചത്. ഹിജ്റ 1397-ൽ തുനീഷ്യയിൽ വെച്ച് നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ യോഗത്തിലാണ് ഇത്തരമൊരു മത്സരത്തിൻ്റെ ആശയം ആദ്യമായി ഉയർന്നുവന്നത്

പിന്നീട് സൗദി സർക്കാർ അത് ഏറ്റെടുത്ത് മക്കയിൽ സ്ഥിരമായി സംഘടിപ്പിക്കുകയായിരുന്നു. ഖുർആൻ ഹാഫിസുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും ഖുർആനുമായി അടുത്ത ബന്ധമുള്ള തലമുറയെ വളർത്തിയെടുക്കാനും ഈ അന്താരാഷ്ട്ര വേദിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!