GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇൻസ്റ്റഗ്രാം പോസ്റ്റിന്  നൽകിയ കമന്റിനെത്തുടർന്ന് യുവതി യു.എ.ഇ വിമാനത്താവളത്തിൽ അറസ്റ്റിൽ

അജ്മാൻ- മറ്റൊരാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നൽകിയ കമന്റിനെത്തുടർന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ യുവതിയെ യു.എ.ഇ വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇവരെ, മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലെ ഒരു സ്ത്രീ തന്റെ ലക്ഷ്വറി ഹാൻഡ്ബാഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ, ആ ബാഗ് ഒറിജിനലല്ലെന്നും വ്യാജമാണെന്നും യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ബാഗിന്റെ ഉടമ തനിക്ക് വലിയ രീതിയിലുള്ള പരിഹാസങ്ങൾ നേരിടേണ്ടി വന്നുവെന്നും തന്റെ പ്രശസ്തിക്ക് ഹാനി സംഭവിച്ചുവെന്നും കാണിച്ച് അജ്മാൻ പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾക്കിടെയാണ് സുരക്ഷാ വകുപ്പുകൾ തിരയുന്ന പ്രതിയാണ് യുവതിയെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. ഇതോടെ യുവതിയെ തടഞ്ഞുവെക്കുകയും അജ്മാനിലേക്ക് മാറ്റുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നടപടിയിൽ യുവതിയുടെ ഭർത്താവും കുട്ടികളും വലിയ പരിഭ്രാന്തിയിലായി. അജ്മാനിൽ കേസ് നിലവിലുള്ളതിനാൽ അവിടേക്ക് മാറ്റുന്നതിനായി യുവതിക്ക് ഒരു രാത്രി ബന്ധപ്പെട്ട വകുപ്പുകളുടെ കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. എന്നാൽ ഭർത്താവിനെയും കുട്ടികളെയും യാത്ര തുടരാൻ അധികൃതർ അനുവദിച്ചു. ഒടുവിൽ പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ ഇരുപക്ഷവും ചർച്ചകൾ നടത്തുകയും പരാതിക്കാരി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ വിഷയം രമ്യമായി പരിഹരിക്കുകയും ചെയ്തു.

യു.എ.ഇയിലെ കടുത്ത സൈബർ നിയമങ്ങളെക്കുറിച്ച് ഈ സംഭവം വലിയൊരു മുന്നറിയിപ്പാണ് നൽകുന്നതെന്ന് അജ്മാൻ പോലീസ് സ്ട്രാറ്റജി ആന്റ് പെർഫോമൻസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽസുവൈദി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പരാതിക്കാരി പിന്മാറിയില്ലായിരുന്നെങ്കിൽ യുവതിക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴയും തടവും അനുഭവിക്കേണ്ടി വരുമായിരുന്നു. ഓൺലൈനിലൂടെയുള്ള അപകീർത്തിപ്പെടുത്തലും പരിഹാസവും ഗൗരവകരമായ കുറ്റകൃത്യമായാണ് നിയമം കണക്കാക്കുന്നത്. സോഷ്യൽ മീഡിയയിൽ വെറുതെ ഒരു കമന്റ് ഇടുന്നത് ലളിതമായ കാര്യമാണെന്ന് പലരും കരുതാമെങ്കിലും അത് വലിയ നിയമപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സമാനമായ കേസുകളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അജ്മാൻ പോലീസ് പുതിയ ‘റിമോട്ട് ബെയിൽ’ (Remote Bail) സേവനം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ കുടുങ്ങുന്നവർക്ക് സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് വിദൂരമായി ജാമ്യം എടുക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളങ്ങളിൽ വെച്ച് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുന്നതും രാത്രി മുഴുവൻ തടങ്കലിൽ വെക്കുന്നതും ഒഴിവാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും. എങ്കിലും കക്ഷികൾ തമ്മിൽ അനുരഞ്ജനത്തിൽ എത്തിയില്ലെങ്കിൽ കേസുകൾ കോടതി നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!