തെഹ്റാൻ – ലെബനോനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നതായി ഇറാൻ പ്രഖ്യാപിച്ചത് ലോക രാജ്യങ്ങൾക്ക് ആശ്വാസ വാർത്തയായി. ഇറാൻ പോർട്ട്സ് അതോറിറ്റി പ്രഖ്യാപിച്ച റൂട്ടുകളിലൂടെ കപ്പൽ ഗതാഗതം അനുവദിക്കും. വെടിനിർത്തൽ കാലയളവിൽ ഹുർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും മുന്നിൽ തുറന്നിരിക്കുമെന്നും ഗതാഗതം ഔദ്യോഗിക മാർഗങ്ങളിലൂടെ നിയന്ത്രിക്കപ്പെടുമെന്നും ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു. ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ പോർട്ട്സ് അതോറിറ്റി ഇതിനകം പ്രഖ്യാപിച്ച ഏകോപിത പാതയിലൂടെ ആയിരിക്കുമെന്ന് അറാഖ്ജി കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിലെ പ്രധാന പോയിൻ്റായ ലെബനോനിലെ വെടിനിർത്തൽ സമയത്ത് ഹുർമുസ് കടലിടുക്ക് പൂർണ്ണമായും വീണ്ടും സമുദ്ര ഗതാഗതത്തിനായി തുറക്കുമെന്ന ഇറാന്റെ വെള്ളിയാഴ്ച പ്രഖ്യാപനത്തെ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു. ഹുർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നിട്ടുണ്ടെന്നും നാവിഗേഷന് തയ്യാറാണെന്നും ഇറാൻ പ്രഖ്യാപിച്ചതായി, ഇറാന്റെ പ്രഖ്യാപനത്തിന് ശേഷം യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഹുർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നിട്ടുണ്ടെന്നും പൂർണ്ണ ഗതാഗതത്തിന് തയ്യാറാണെന്നും ഇറാൻ പ്രഖ്യാപിച്ചു. നന്ദി!’ – ട്രൂത്ത് സോഷ്യൽ വെബ്സൈറ്റിൽ യു.എസ് പ്രസിഡൻ്റ് എഴുതി. എന്നാൽ ഇറാനുമായുള്ള ഇടപാടുകൾ 100 ശതമാനം പൂർത്തിയാകുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം നിലനിൽക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. മിക്ക കാര്യങ്ങളും ഇതിനകം ചർച്ച ചെയ്തിട്ടുള്ളതിനാൽ ഈ പ്രക്രിയ വളരെ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് പ്രസിഡൻ്റ് പറഞ്ഞു.
അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ അറേബ്യൻ കടലിലൂടെ കടന്നുപോയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും അമേരിക്ക ഉപരോധം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടികൾ വളരെ വിജയകരമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ ആവർത്തിച്ചു. 12 ലധികം കപ്പലുകളും 100 ലധികം വിമാനങ്ങളും ഏകദേശം 10,000 സൈനികരെയും ഉപയോഗിച്ച് ഹുർമുസ് കടലിടുക്കിന് ചുറ്റും യു.എസ് സേന ഉപരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഇറാൻ തുറമുഖങ്ങൾക്കെതിരായ ഉപരോധത്തിൻ്റെ ഭാഗമായി അറേബ്യൻ കടലിൽ വിന്യസിച്ച യു.എസ്.എസ് എബ്രഹാം ലിങ്കണിൻ്റെ ഫോട്ടോകൾ യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.



















Leave a Reply