കുവൈത്ത് സിറ്റി- രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്താനും ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായമെത്തിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് 24 കുവൈത്ത് പൗരന്മാർ അടങ്ങുന്ന സെല്ലിനെ വലയിലാക്കിയത്.
മതപരമായ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമെന്ന വ്യാജേന പൊതുജനങ്ങളിൽ നിന്ന് വൻതോതിൽ പണം ശേഖരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക വിദേശത്തുനിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വെളുപ്പിച്ചെടുക്കുകയും പിന്നീട് ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്തുകയുമായിരുന്നു ഇവരുടെ രീതിയെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. പരിശോധനയിൽ ഇവരിൽ നിന്ന് വലിയ തുക പണമായും മറ്റ് ആസ്തികളായും സുരക്ഷാ സേന കണ്ടുകെട്ടിയിട്ടുണ്ട്.
പിടിയിലായവരിൽ അടുത്തിടെ പൗരത്വം റദ്ദാക്കപ്പെട്ട ഒരു വ്യക്തിയും ഉൾപ്പെടുന്നുണ്ട്. ഇതേ സംഘവുമായി ബന്ധമുള്ള എട്ട് കുവൈത്ത് പൗരന്മാർ കൂടി നിലവിൽ ഒളിവിലാണ്. ഇവർക്കായി രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചു. ഒളിവിലുള്ളവരിൽ ഒരാളുടെ പൗരത്വവും നേരത്തെ റദ്ദാക്കപ്പെട്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജൻ്റുമാരെയും ഇത്തരം സംഘങ്ങളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.



















Leave a Reply