റിയാദ് – ഈ വർഷം അറബ് ലോകത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികളെ ആകർഷിച്ചത് സൗദി അറേബ്യയാണെന്ന് യു.എന്നിനു കീഴിലെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്നു. 2030 ഓടെ പ്രതിവർഷം 10 കോടി വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ നടപ്പാക്കിവരികയാണ്.
ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് 1.8 കോടി വിനോദ സഞ്ചാരികളാണ് സൗദിയിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ 1.48 കോടി ടൂറിസ്റ്റുകളും മൂന്നാം സ്ഥാനത്തുള്ള മൊറോക്കൊയിൽ 1.1 കോടി ടൂറിസ്റ്ററ്റുകളും നാലാം സ്ഥാനത്തുള്ള സിറിയയിൽ 85 ലക്ഷം വിനോദ സഞ്ചാരികളും അഞ്ചാം സ്ഥാനത്തുള്ള തുനീഷ്യയിൽ 57 ലക്ഷം വിനോദ സഞ്ചാരികളും ആറാം സ്ഥാനത്തുള്ള ഈജിപ്തിൽ 52 ലക്ഷം ടൂറിസ്റ്റുകളും ബഹ്‌റൈനിൽ 43 ലക്ഷം ടൂറിസ്റ്റുകളും ജോർദാനിൽ 35 ലക്ഷം വിനോദ സഞ്ചാരികളും ഖത്തറിൽ 29 ലക്ഷം ടൂറിസ്റ്റുകളും ഒമാനിൽ 23 ലക്ഷം വിനോദ സഞ്ചാരികളും അൾജീരിയയിൽ 20 ലക്ഷം വിനോദ സഞ്ചാരികളും ലെബനോനിൽ 16 ലക്ഷം ടൂറിസ്റ്റുകളും ഇറാഖിൽ 15 ലക്ഷം ടൂറിസ്റ്റുകളും യെമനിൽ പത്തു ലക്ഷം ടൂറിസ്റ്റുകളും സുഡാനിൽ എട്ടു ലക്ഷം ടൂറിസ്റ്റുകളും ഫലസ്തീനിൽ നാലു ലക്ഷം വിനോദ സഞ്ചാരികളും കുവൈത്തിൽ 2,03,000 ടൂറിസ്റ്റുകളും ഒമ്പതു മാസത്തിനിടെ എത്തി.