GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പൊതുജനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി

അബുദാബി- മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളെ നേരിടാനും കുട്ടികളുടെയും പ്രായമായവരുടെയും മാനസികാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ ഗൈഡ് പുറത്തിറക്കി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് സെൻ്റർ(ADCMC). മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിലാണ് പ്രചരണത്തിൻ്റെ രണ്ടാം ഘട്ടത്തിൽ പുത്തിറക്കിയ ഈ ഗൈഡിലുള്ളത്.

അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന പേടിയും ആശങ്കയും അകറ്റാൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും ശാന്തമായും ആത്മവിശ്വാസത്തോടെയും അവരോട് സംസാരിക്കുകയും തങ്ങൾ സുരക്ഷിതരാണെന്നും എല്ലാവരെയും സംരക്ഷിക്കാൻ അധികൃതർ സജീവമായി രംഗത്തുണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുകയും വേണം.കുട്ടികളുടെ സംശയങ്ങൾക്കും പേടിക്കും ചെവികൊടുക്കുകയും ലളിതമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്യണമെന്നും കുട്ടികളിൽ ഉൽകണ്ഠയുണ്ടാക്കുന്ന ദൃശ്യങ്ങളോ വാർത്തകളോ കാണാൻ അനുവദിക്കരുതെന്നും വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിലുണ്ട്.

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പടരുന്നത് തടയാൻ കർശന നിർദേശങ്ങളും പറയുന്നതോടൊപ്പം ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുവാൻ നിർദ്ദേശിക്കുന്നു. അപകടസ്ഥലങ്ങളിൽ ചിത്രീകരണമോ വീഡിയോ പകർപ്പുകളോ നടത്തരുത്. ഇത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം സ്വകാര്യതയുടെ ലംഘനം കൂടിയാണന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്.

വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിക്കണം. അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതണം. അടിയന്തര സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ ഉപയോഗിക്കാൻ പാകത്തിൽ ഒരു കാരിയർ തയാറാക്കി വയ്ക്കുവാനും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃഗങ്ങളെ കണ്ടാൽ നഗരസഭയുടെ 993 എന്ന നമ്പറിൽ വിവരം അറിയിക്കാനും അറിയിപ്പിൽ പറയുന്നു.

ഏതൊരു അടിയന്തിര സാഹചര്യത്തിലും സഹായത്തിനായി ബന്ധപ്പെടാനായി അബുദാബി പൊലീസ്/സിവിൽ ഡിഫൻസ്:999 വൈദ്യുതി തടസ്സം: 991 വാട്ടർ എമർജൻസി: 992 മാനസിക പിന്തുണ (സക്കീന): 800725462 സാമൂഹിക സേവനങ്ങൾ: 800444 അബുദാബി ഗവൺമെന്റ്: 800555 എന്നീ നമ്പറുകളും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!