ദുബായ് : ഗള്‍ഫ് നാടുകളിലേക്ക് ജോലി അന്വേഷിച്ചു പോവുന്നവര്‍ നിലവില്‍ വിസിറ്റ് വിസ എടുത്താണ് പോവാറ്. അവിടെ ചെന്ന് തൊഴില്‍ കണ്ടെത്തിയ ശേഷം തൊഴില്‍ വിസയിലേക്ക് മാറുന്നതാണ് പതിവ്. വിസിറ്റ് വിസ ലഭിക്കണമെങ്കില്‍ ആരെങ്കിലും അത് സ്‌പോണ്‍സര്‍ ചെയ്യണം. ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് വിസിറ്റ് വിസ എടുത്തു നല്‍കാറ്. എന്നാല്‍ യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം.
Click here to join our WHATSAPP GROUP
ഇന്നലെ ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന പേരില്‍ പുതിയ വിസ വിതരണം ആരംഭിച്ചിരിക്കുകയാണ് യുഎഇ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച പ്രതിഭകളെയും പ്രൊഫഷനലുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ വിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വിസയുടെ ഏറ്റവും വലിയ സവിശേഷത ഈ വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല എന്നതാണ്. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലാണ് ഒരു തവണ മാത്രം രാജ്യത്തേക്ക് വരാന്‍ സാധിക്കുന്ന സിംഗ്ള്‍ എന്‍ട്രി പെര്‍മിറ്റ് നല്‍കുക. അതിനാല്‍ യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇല്ലാത്തവര്‍ക്കും ഈ വിസ സ്വന്തമാക്കാനും യുഎഇയില്‍ എവിടെയും ജോലി അന്വേഷിക്കാനും സാധിക്കും.
ചുരുങ്ങിയത് ബിരുദ യോഗ്യതയോ തത്തുല്യമായ ഏതെങ്കിലും യോഗ്യതയോ ഉള്ളവര്‍ക്കാണ് തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവര്‍ക്ക് അപേക്ഷിക്കാം. യുഎഇ മനുഷ്യവിഭവ എമിററ്റൈസേഷന്‍ മന്ത്രാലയത്തിന്റെ നൈപുണ്യ വിഭാഗങ്ങളുടെ പട്ടിക പ്രകാരം ഒന്നും രണ്ടും മൂന്നും വിഭാഗം മേഖലകളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ വിസ ലഭിക്കാന്‍ അവസരമുണ്ടാവുക. ഇതു പ്രകാരം മാനേജര്‍മാര്‍, ബിസിനസ് എക്‌സിക്യൂട്ടീവുകള്‍, ശാസ്ത്ര, സാങ്കേതിക, മാനവിക മേഖലകളിലെ പ്രൊഫഷനലുകള്‍, ഈ മേഖലകളിലെ ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
തൊഴില്‍ അന്വേഷിച്ച് യുഎഇയില്‍ എത്തുന്നവര്‍ക്ക് ഇഷ്ടാനുസരണം വിസ കാലാവധി തെരഞ്ഞെടുക്കാന്‍ പാകത്തില്‍ മൂന്ന് തരം വിസകളാണ് അധികൃതര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞ കാലാവധി 60 ദിവസത്തേക്കാണ്. തൊഴില്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് തോന്നുന്നവര്‍ക്ക് 90 ദിവസത്തേക്കും 120 ദിവസത്തേക്കുമുള്ള വിസകള്‍ തെരഞ്ഞെടുക്കാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. അതായത് നാലു മാസം വരെ തൊഴില്‍ അന്വേഷകര്‍ക്ക് യുഎഇയില്‍ താമസിച്ച് അനുയോജ്യമായ ജോലി കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
വിസയുടെ കാലാവധിക്ക് അനുസൃതമായി വ്യത്യസ്തമായ ഫീസാണ് അധികൃതര്‍ ഈടാക്കുന്നത്. 60 ദിവസ വിസയ്ക്ക് 1495 ദിര്‍ഹമും 90 ദിവസ വിസയ്ക്ക് 1655 ദിര്‍ഹമും 120 ദിവസത്തേക്കുള്ളതിന് 1815 ദിര്‍ഹമുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ, സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഇന്‍ഷൂറന്‍സ് എന്നീ ഇനത്തില്‍ 1025 ദിര്‍ഹം വേറെയും നല്‍കണം. അതായത് 60 ദിവസ വിസയ്ക്ക് ഏകദേശം 56,000 രൂപയും 90 ദിവസ വിസയ്ക്ക് 60,000ത്തോളം രൂപയും 120 ദിവസത്തേക്കുള്ള വിസയ്ക്ക് 63,000 രൂപയും ചെലവ് വരും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ, കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ വഴിയോ അക്രഡിറ്റഡ് ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ ആണ് വിസയ്ക്കു വേണ്ടി അപേക്ഷ നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് കോപ്പി, കളര്‍ ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് തുടങ്ങിയവയാണ് ആവശ്യമായ അടിസ്ഥാന രേഖകള്‍.
പുതിയ വിസ നിലവില്‍ വന്നതോടെ വിദേശികള്‍ക്ക് യുഎഇയില്‍ വന്ന് തൊഴില്‍ അന്വേഷിക്കാന്‍ കൂടുതല്‍ സൗകര്യമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന് പുറത്തുള്ള ഒരാള്‍ക്ക് തൊഴില്‍ വിസ നല്‍കി കൊണ്ടുവരുന്നതിനേക്കാള്‍ തൊഴിലന്വേഷണ വിസയില്‍ യുഎഇയില്‍ ഉള്ളവര്‍ക്കാണ് ജോലി നല്‍കാനാണ് പൊതുവെ കമ്പനികള്‍ താല്‍പര്യപ്പെടുക എന്നതിനാല്‍ ജോലി ലഭിക്കാനും കൂടുതല്‍ എളുപ്പമാണ്. നേരിട്ടുള്ള അഭിമുഖത്തിലൂടെ കഴിവുള്ളവരെ കണ്ടെത്താനാവും എന്നതിനാലാണിത്.
യുഎഇ നടപ്പിലാക്കിയ വിസ നിയമ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി തൊഴിലന്വേഷക വിസയ്ക്കു പുറമെ, ബിസിനസ് എന്‍ട്രി വിസയും നടപ്പില്‍ വരുത്തിക്കഴിഞ്ഞു. രാജ്യത്ത് നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യമിടുന്നതാണ് ഈ വിസ. ഒരു തവണ മാത്രം പ്രവേശനം അനുവദിക്കുന്ന ഈ എന്‍ട്രി വിസയും 60, 90, 120 ദിവസങ്ങളിലേക്കാണ് അനുവദിക്കുക. ഈ വിസയ്ക്കും സ്‌പോണ്‍സറുടെ ആവശ്യമില്ലെന്നത് വലിയ ആകര്‍ഷണമാണ്. മറ്റൊരാളുടെ കീഴില്‍ നില്‍ക്കാതെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ യുഎയില്‍ എത്താനും താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി നിക്ഷേപം നടത്താനും ഈ വിസയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ എളുപ്പമാണ്.