04-10-2022
റിയാദ്- ബിനാമി ബിസിനസ് കണ്ടെത്തുന്നതിനായി സ്കൂളുകളടക്കം 9000 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി.
റിയാദ്- ബിനാമി ബിസിനസ് കണ്ടെത്തുന്നതിനായി സ്കൂളുകളടക്കം 9000 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന ഒമ്പതിനായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിലാണ് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി കഴിഞ്ഞ മാസം പരിശോധനകൾ നടത്തിയത്. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമുമായി സഹകരിച്ചാണ് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി സംഘങ്ങൾ ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷ്യവസ്തു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്.
നികുതി നിയമപാലന തോത് ശക്തിപ്പെടുത്താനും അതോറിറ്റിയുടെ പരിധിയിൽ വരുന്ന നിർദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചുള്ള വാണിജ്യ ഇടപാടുകൾ തടയാനും ലക്ഷ്യമിട്ടാണ് പരിശോധനകൾ നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നികുതി നിയമ ലംഘനങ്ങളെ കുറിച്ച് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വെബ്സൈറ്റ് വഴിയോ അതോറിറ്റി ആപ്പ് വഴിയോ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
അതേസമയം, ഇക്കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് നിത്യോപയോഗ വസ്തുക്കളുടെ വിലകൾ പത്തു ലക്ഷത്തിലേറെ തവണ പരിശോധിച്ചതായി വാണിജ്യ മന്ത്രാലയം പറഞ്ഞു. ഒമ്പതു മാസക്കാലത്ത് നിത്യോപയോഗ വസ്തുക്കളുടെ വിലകൾ നിരീക്ഷിക്കാനും നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും വ്യാപാര സ്ഥാപനങ്ങളിൽ 6,91,000 ലേറെ ഫീൽഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ 35,000 ലേറെ ഫീൽഡ് പരിശോധനകൾ വിലകൾ നിരീക്ഷിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിനിടെ നിത്യോപയോഗ വസ്തുക്കളുടെ വിലകൾ പത്തു ലക്ഷത്തിലേറെ തവണ പരിശോധിച്ചു.
മുഴുവൻ പ്രവിശ്യകളിലും 278 അടിസ്ഥാന വസ്തുക്കളുടെ വിലകളാണ് മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നത്. വിലകളെ സ്വാധീനിക്കുന്ന നിയമ വിരുദ്ധ പ്രവണതകളിൽ തൽക്ഷണം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നു. വിലകൾ, നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത, ബദൽ ഉൽപന്നങ്ങളുടെ ലഭ്യത എന്നിവ നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകൾക്കിടെ വാണിജ്യ മന്ത്രാലയ നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നു. വിലകളിലെ കൃത്രിമങ്ങൾ, അന്യായമായ വിലക്കയറ്റം അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത കംപ്ലയിന്റ്സ് സെന്ററായ 1900 ൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ എല്ലാവരും അറിയിക്കണമെന്ന് സൗദി മന്ത്രാലയം ആവശ്യപ്പെട്ടു.