റിയാദ്- സൗദി ഓഹരി ഇടപാടുകളിൽ വൻ തട്ടിപ്പു നടത്തിയ പ്രതികളെ ശിക്ഷിക്കാനും പണം കണ്ടുകെട്ടാനും വിധി.
ഓഹരി ക്രയവിക്രയങ്ങളിൽ തട്ടിപ്പുകൾ നടത്തിയ കേസിൽ പത്തു പേരെയാണ് പ്രത്യേക കമ്മിറ്റി ശിക്ഷിച്ചത്. അൽബിലാദ് ബാങ്ക്, തആവുനിയ ഇൻഷുറൻസ് കമ്പനി, തബൂക്ക് സിമന്റ്‌സ് കമ്പനി, നാദിക് അടക്കം പന്ത്രണ്ടു കമ്പനികളുടെ ഓഹരി ക്രയവിക്രയങ്ങളിൽ തട്ടിപ്പുകൾ നടത്തിയ കേസിലാണ് ഇവരെ പ്രത്യേക കമ്മിറ്റി ശിക്ഷിച്ചത്.
സ്വന്തം പോർട്ട്‌ഫോളിയോകളും കുറ്റക്കാരനായ അഹ്മദ് അബ്ദുറസാഖ് ദാവൂദ് ബിൻ ദാവൂദ് കൈകാര്യം ചെയ്തിരുന്ന മറ്റൊരു നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള പോർട്ട്‌ഫോളിയോയും വഴി ഓഹരി വിലകളിൽ സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ പർച്ചേയ്‌സ് ഓർഡറുകൾ നൽകിയ ശേഷം ഉയർന്ന വിലയ്ക്ക് ഓഹരികൾ വിൽക്കുകയാണ് നിയമ ലംഘകർ ചെയ്തത്.
കുറ്റക്കാരനായ അഹ്മദ് ഉസാം അഹ്മദ് നായിതയ്ക്ക് ഒന്നര ലക്ഷം റിയാലാണ് പിഴ. നിയമ വിരുദ്ധമായി സമ്പാദിച്ച 1,86,725 റിയാൽ ഇയാൾ സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അക്കൗണ്ടിൽ അടക്കണമെന്നും വിധിയുണ്ട്. വലീദ് അബ്ദുറസാഖ് ദാവൂദ് ബിൻ ദാവൂദിന് 30,000 റിയാൽ പിഴയാണ് ശിക്ഷ. നിയമ വിരുദ്ധമായി സമ്പാദിച്ച 4,85,393 റിയാൽ ഇയാൾ തിരിച്ചടക്കണമെന്നും വിധിയുണ്ട്.
ഹാത്തിം മഹ്മൂദ് അബ്ദുൽ ആലി അൽ ത്വയ്യാരിക്ക് 1,90,000 റിയാൽ പിഴയും 8,20,549 റിയാൽ തിരിച്ചടക്കലും മുഅയ്യദ് മുഹമ്മദ് ഖൈർ മുദഹർ അൽത്വഹാന് 40,000 റിയാൽ പിഴയും 4,62,428 റിയാൽ തിരിച്ചടക്കലും ഥാമിർ മഹ്മൂദ് അബ്ദുൽ ആലി അൽത്വയ്യാരിക്ക് 1,20,000 റിയാൽ പിഴയും 4,63,736 റിയാൽ തിരിച്ചടക്കലും, അഹ്മദ് അബ്ദുറസാഖ് ദാവൂദ് ബിൻ ദാവൂദിന് 1,80,000 റിയാൽ പിഴയും 19,15,653 റിയാൽ തിരിച്ചടക്കലും സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിൽ ആറു മാസത്തേക്ക് പ്രവർത്തന വിലക്കും ഫൈസൽ ഹുസ്‌നി അഹ്മദ് ജമാലിന് 1,30,000 റിയാൽ പിഴയും 2,27,768 റിയാൽ തിരിച്ചടക്കലും അബ്ദുറഹ്മാൻ അബ്ദുൽ ആലി അബ്ദുൽകരീം അൽത്വയ്യാരിക്ക് 1,10,000 റിയാൽ പിഴയും 5,29,225 റിയാൽ തിരിച്ചടക്കലും അക്‌റം ഹുസ്‌നി അഹ്മദ് ജമാലിന് 1,40,000 റിയാൽ പിഴയും 3,01,501 റിയാൽ തിരിച്ചടക്കലും അഹ്മദ് ഹുസ്‌നി അഹ്മദ് ജമാലിന് 30,000 റിയാൽ പിഴയും 1,08,094 റിയാൽ തിരിച്ചടക്കലുമാണ് ശിക്ഷ.
കുറ്റക്കാരനായ അഹ്മദ് അബ്ദുറസാഖ് ദാവൂദ് ബിൻ ദാവൂദ് നടത്തിയ നിയമ ലംഘനങ്ങളിലൂടെ സ്വന്തം പോർട്ട്‌ഫോളിയോ വഴി നേടിയ നിയമവിരുദ്ധ സമ്പാദ്യമായ 13,10,363 റിയാൽ നിക്ഷേപകൻ സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അക്കൗണ്ടിൽ അടക്കണമെന്നും വിധിയുണ്ട്