റിയാദ്: സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിച്ച കേസിൽ പ്രശസ്തനായ ആരോഗ്യ പ്രവർത്തകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. ആരോഗ്യ നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് ഇയാൾക്കു പിഴ ചുമത്തിയത്
Click here to join our WHATSAPP GROUP
പതിവായി സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആരോഗ്യ പ്രവർത്തകൻ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിച്ച് ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിലെ ഏതാനും വകുപ്പുകൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇത് പൊതുജനാരോഗ്യത്തിലും രോഗികളുടെ സുരക്ഷയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിയമ ലംഘനത്തിന്റെ ഗുരുതര സ്വഭാവമാണെന്നതും കണക്കിലെടുത്താണ് നടപടി.
ഡ്യൂട്ടിക്കിടെ വീഡിയോ ക്ലിപ്പിംഗുകൾ പ്രചരിപ്പിക്കുന്നതും ശാസ്ത്രീയ വിവരങ്ങളുടെ പിൻബലമില്ലാത്ത പ്രസ്താവനകൾ നടത്തുന്നതും നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ട മന്ത്രാലയം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആരോഗ്യ പ്രവർത്തകർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രസ്താവനകളും വീഡിയോ ക്ലിപ്പിംഗുകളും നിരീക്ഷിച്ച് സമൂഹത്തിന്റെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാൻ പര്യാപ്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ആരോഗ്യ പ്രൊഫഷൻ ചാർട്ടറും ധാർമികതയും ആരോഗ്യ പ്രവർത്തകർ കാത്തുസൂക്ഷിക്കണമെന്നും കൃത്യമായ മെഡിക്കൽ അടിസ്ഥാനങ്ങളിലും മാനദണ്ഡങ്ങളിലും അധിഷ്ഠിതമല്ലാത്ത വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ആഴ്ചകൾക്കു മുമ്പ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
നിയമാവലി അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ ആരോഗ്യ പ്രവർത്തകർ തങ്ങൾക്കു വേണ്ടി സ്വന്തം നിലക്കും മറ്റുള്ളവർ മുഖേനയും പരസ്യം ചെയ്യുന്നത് ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിലെ പത്താം വകുപ്പ് വിലക്കുന്നുണ്ട്. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതല്ലാത്തതോ രാജ്യത്ത് നിരോധിക്കപ്പെട്ടതോ ആയ നിലക്കുള്ള ചികിത്സാ, രോഗനിർണയ മാർഗങ്ങൾ ആരോഗ്യ പ്രവർത്തകർ അവലംബിക്കുന്നതിനും വിലക്കുണ്ട്.