ജിദ്ദ – സൗദിയില്‍ പൊതു മര്യാദ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും അടങ്ങിയ നിയമാവലി സൗദി സ്ട്രീറ്റ് ടി.വി പ്രോഗ്രാം വെളിപ്പെടുത്തി. പൊതു സ്ഥലങ്ങളിലെ നിരവധി അനുചിതമായ പെരുമാറ്റങ്ങള്‍ക്കുള്ള പിഴകള്‍ നിയമാവലിയില്‍ അടങ്ങിയിരിക്കുന്നു. ലൈംഗിക സ്വഭാവമുള്ള മര്യാദ ലംഘനങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റത്തിന് 3,000 റിയാല്‍ പിഴ ചുമത്തും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് 6,000 റിയാലാണ് പിഴ.

റെസിഡന്‍ഷ്യല്‍ പരിസരങ്ങളില്‍ ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്യുന്നത് നിയമ ലംഘനമാണ്. ഇതേ കുറിച്ച് ആരെങ്കിലും പരാതി നല്കിയാല് ആദ്യത്തെ തവണ 500 റിയാലും പിന്നീടുള്ള ഓരോ കുറ്റകൃത്യത്തിനും 1,000 റിയാലും പിഴ ചുമത്തും. ബാങ്ക് വിളി സമയത്ത് സംഗീതം പ്ലേ ചെയ്യുന്നതിന് 1,000 റിയാല്‍ പിഴ ഈടാക്കും. തുടര്‍ന്നുള്ള ഓരോ കുറ്റകൃത്യത്തിനും പിഴ 2,000 റിയാലായി വര്‍ധിക്കും. പൊതുസ്ഥലങ്ങളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളുടെ മാലിന്യം നീക്കം ചെയ്യാത്തവര്‍ക്ക് ആദ്യ തവണ 100 റിയാലും ആവര്‍ത്തിച്ചുള്ള കുറ്റത്തിന് 200 റിയാലും തോതില്‍ പിഴ ചുമത്തും. പൊതുസ്ഥലങ്ങളില്‍ തുപ്പുകയോ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ മാലിന്യം തള്ളുകയോ ചെയ്യുന്നതിന് 500 റിയാല്‍ വരെ പിഴ ചുമത്താവുന്നതാണ്. ഇതേ നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴ ലഭിക്കും.
പ്രായമായവര്‍ക്കും വികലാംഗര്‍ക്കും വേണ്ടി നീക്കിവെച്ച സീറ്റുകളില്‍ ഇരിക്കുന്നതിനും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും 200 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള പിഴ 400 റിയാലായി വര്‍ധിക്കും. ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതിനും നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും 500 റിയാല്‍ പിഴ ചുമത്തും.
സൗദി സന്ദര്‍ശകര്‍ക്ക് അംഗീകരിച്ച ഡ്രസ് കോഡ് അനുസരിച്ച്, പൊതുസ്ഥലങ്ങളില്‍ അനുചിതമായ വസ്ത്രം ധരിക്കുന്നതിനുള്ള പിഴകളും നിയമാവലി വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റങ്ങള്‍ക്ക് 100 റിയാലും ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് 200 റിയാലും പിഴ ചുമത്തും. പൊതു സ്ഥലങ്ങളില്‍ അടിവസ്ത്രങ്ങളോ ഉറക്ക വസ്ത്രങ്ങളോ ധരിക്കുന്നതിനും പൊതു മര്യാദയെയോ അഭിരുചിയെയോ വ്രണപ്പെടുത്തുന്ന വസ്ത്രങ്ങളും ചിത്രങ്ങളും ചിഹ്നങ്ങളും അടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളില്‍ എഴുതല്‍, വരക്കല്‍, സ്റ്റിക്കറുകള്‍ ഒട്ടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കും ഇതേ പിഴ ലഭിക്കും.
പാര്‍ക്കുകളിലും പൊതു ഇടങ്ങളിലും തീയിടല്‍, അനുചിതമായ ഭാഷ ഉപയോഗിക്കല്‍, ക്യൂ മറികടക്കല്‍ എന്നിവയും നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ഗണത്തില്‍ പെടുന്ന ആദ്യ കുറ്റത്തിന് 50 റിയാലും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് 100 റിയാലുമാണ് പിഴ. ലേസര്‍, സമാനമായ ഉപകരണങ്ങള്‍ പോലുള്ള ദോഷകരമായ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിന് 100 റിയാല്‍ പിഴ ചുമത്തും. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് 200 റിയാല്‍ പിഴ ചുമത്തും.
സമ്മതമില്ലാതെ നേരിട്ട് ആളുകളുടെ ഫോട്ടോ എടുക്കല്‍, ക്രിമിനല്‍ സംഭവങ്ങളുടെയും അപകടങ്ങളില്‍ പെട്ടവരുടെയും ഫോട്ടോ എടുക്കല്‍ എന്നിവ ഗുരുതരമായ നിയമ ലംഘനമാണ്. ഇതിന് ആദ്യ തവണ 1,000 റിയാലും ആവര്‍ത്തിക്കുന്നവര്‍ക്ക് 2,000 റിയാലും പിഴ ചുമത്തും.
