അബുദാബി- സ്വദേശിവൽക്കരണ ഫലങ്ങൾ ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴിൽ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിർഹമായി ഉയർത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2026 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, ഭേദഗതി ചെയ്യൽ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും പുതുക്കിയ മിനിമം വേതനം ബാധകമാകുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 2026 ൻ്റെ തുടക്കം മുതൽ, 6,000 ദിർഹത്തിൽ താഴെ ശമ്പളം പട്ടികപ്പെടുത്തിയിരിക്കുന്ന, സ്വദേശികൾക്കുള്ള വർക്ക് പെർമിറ്റിനുള്ള ഏതൊരു അപേക്ഷയും പ്രോസസ്സ് ചെയ്യുകയോ നൽകുകയോ ചെയ്യില്ലയെന്നും വ്യക്തമാക്കി.
പുതിയ ആവശ്യകതയെ കുറിച്ച് തൊഴിലുടമകളെ അറിയിക്കുന്നതിന് മന്ത്രാലയത്തിൻ്റെ സേവന ചാനലുകളിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ഓട്ടോമേറ്റഡ് അറിയിപ്പുകൾ അയക്കുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവൽക്കരണ മന്ത്രാലയം അറിയിച്ചു. മിനിമം വേതന പരിധി പാലിക്കാനായി തൊഴിലുടമകളോട് ശമ്പളം ക്രമീകരിക്കാൻ ആവശ്യപ്പെടും.
2026 ജൂൺ 30 നകം സ്വദേശി ജീവനക്കാരൻ്റെ ശമ്പളം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, മിനിമം ശമ്പള വ്യവസ്ഥ പാലിക്കുന്നതുവരെ ജീവനക്കാരനെ സ്വദേശിവൽക്കരണ കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള അധിക നടപടികൾ 2026 ജൂലൈ ഒന്നു മുതൽ സ്വീകരിക്കും. സ്വദേശികളുടെ ശമ്പളം മിനിമം പരിധിക്ക് താഴെയാണെങ്കിൽ പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുന്ന നിയന്ത്രണവും സ്ഥാപനങ്ങൾ നേരിടേണ്ടിവരും. പുതുതായി നൽകിയാലും പുതുക്കിയാലും ഭേദഗതി ചെയ്താലും രണ്ട് വർഷത്തെ എമിറാറ്റി വർക്ക് പെർമിറ്റുകൾക്ക് പുതുക്കിയ മിനിമം വേതനം ബാധകമാണ്. 2026 തുടക്കം മുതൽ സ്വദേശികളുടെ ശമ്പളം 6,000 ദിർഹത്തിൽ താഴെയാകരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

