കുവൈത്ത് സിറ്റി – കുവൈത്തിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി
ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി അഹ്മദ് അൽഅവദി എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്ന മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. ഡിക്രിയിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിർദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി നിയന്ത്രിക്കപ്പെടും.
പതിനെട്ടും അതിനുമുകളിലും പ്രായമുള്ളവർക്ക് വിൽപ്പന പരിമിതപ്പെടുത്തുക, ദൈനംദിന ഉപഭോഗം രണ്ട് ക്യാനുകളായി പരിമിതപ്പെടുത്തുക, ഓരോ ക്യാനിലും കഫീൻ അളവ് 250 മില്ലിയിൽ 80 മില്ലിഗ്രാമിൽ കൂടരുത് എന്നീ വ്യവസ്ഥകളുമുണ്ട്. ഉൽപ്പാദകരും ഇറക്കുമതിക്കാരും ക്യാനിൽ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണമെന്നും എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും സ്പോൺസർഷിപ്പുകളും നിരോധിക്കണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു.
പൊതുജനാരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ പെരുമാറ്റത്തെ പിന്തുണക്കുന്ന പരിസ്ഥിതികളെ പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, റെസ്റ്റോറന്റുകൾ, കഫേകൾ, ബഖാലകൾ, ഫുഡ് ട്രക്കുകൾ, സെൽഫ് സർവീസ് കിയോസ്ക്കുകൾ, ടേക്ക്ഔട്ട്ഡെലിവറി പ്ലാറ്റ്ഫോമുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയിലൂടെയും എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്.
കോഓപ്പറേറ്റീവ് സൊസൈറ്റികളിലും സമാന്തര വിപണികളിലും മാത്രമാണ് എനർജി ഡ്രിങ്കുകളുടെ വിൽപ്പനക്ക് അനുമതിയുള്ളതെന്ന് ഉത്തരവിന്റെ രണ്ടാം ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. ഇവിടങ്ങളിൽ നിയുക്ത സ്ഥലങ്ങളിലും രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ കർശന മേൽനോട്ടത്തിലുമാണ് വിൽപ്പന നടത്തേണ്ടത്. ഫലപ്രദമായ മേൽനോട്ടവും ശരിയായ നടപ്പാക്കലും ഉറപ്പാക്കുന്നതിന് പ്രായ, അളവു നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കേണ്ടത് നിർബന്ധമാണെന്നും ഉത്തരവ് പറയുന്നു.

