റിയാദ്– ഇടക്കിടെയെത്തുന്ന പേമാരിയെ തുടര്‍ന്ന് സൗദി തലസ്ഥാന നഗരി കുളിരണിഞ്ഞു. രണ്ടുദിവസമായി തുടരുന്ന മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതല്‍ ശീതക്കാറ്റും വീശിതുടങ്ങും. അതേസമയം മഴക്കെടുതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്നലെയും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. മഴക്കെടുതികളെ നേരിടാന്‍ റിയാദ് നഗരസഭ വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, നിരീക്ഷകര്‍ അടക്കം 9053 പേരെയാണ് വിവിധ ഭാഗങ്ങളില്‍ നിയമിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 2123 യന്ത്രസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. മഴയുള്ള സമയങ്ങളില്‍ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. വാഹനങ്ങളുടെ പഴയ ടയറുകള്‍ മാറ്റിയില്ലെങ്കില്‍ നിയന്ത്രണം നഷ്ടപ്പെടുമെന്നും അപകടത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മലയോര, അരുവി പ്രദേശങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശം, അല്‍ജൗഫ്, ഹായില്‍, അല്‍ഖസീം, മക്ക, അല്‍ബാഹ, നജ്‌റാന്‍ പ്രവിശ്യകളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ ദൃശ്യപരത തകരാറിലാവുമെന്നും സ്റ്റിയറിംഗ് ക്രമീകരണങ്ങള്‍ തെറ്റി നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷകന്‍ ഡോ. അബ്ദുല്ല മിസ്‌നദ് പറഞ്ഞു.
