റിയാദ് – വിദൂര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അധിവസിക്കുന്നവർക്ക് ഏറെ ആശ്വാസമായി ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ ക്ലിനിക്കുകൾ. മുഴുവൻ ഗുണഭോക്താക്കൾക്കും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ പ്രവിശ്യകളിലും മൊബൈൽ ക്ലിനിക്കുകൾ ചുറ്റിസഞ്ചരിക്കുന്നുണ്ട്. മൂന്നിനം മൊബൈൽ ക്ലിനിക്കുകളാണ് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇക്കൂട്ടത്തിൽ പെട്ട വലിയ ക്ലിനിക്കുകൾ ടാറിട്ട റോഡ് സൗകര്യമുള്ള, ജനവാസം കൂടിയ ഗ്രാമപ്രദേശങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും ചെറിയ ക്ലിനിക്കുകൾ മൺപാതകൾ മാത്രമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഇവക്കു പുറമെ, ഹൈറേഞ്ചുകളിൽ ആരോഗ്യ സേവനങ്ങൾ നൽകാൻ പ്രത്യേക മൊബൈൽ ക്ലിനിക്കുകളും പുറത്തിറക്കിയിട്ടുണ്ട്. സൗദിയിലെങ്ങുമായി 65 മൊബൈൽ ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഓരോ ക്ലിനിക്കിന്റെയും സേവനം പ്രതിദിനം ശരാശരി 40 പേർക്കു വീതം ലഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു