ജിദ്ദ – നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് സൗദി പൗരൻ മരിച്ചു. വെള്ളം കയറിയ റോഡിലൂടെ നടന്നുപോകുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ പിടിച്ചപ്പോഴാണ് സൗദി പൗരന് ഷോക്കേറ്റത്. ഷോക്കേറ്റ് നിലംപതിച്ച സൗദി പൗരനെ വടിയും മറ്റും ഉപയോഗിച്ച് വൈദ്യുതി പോസ്റ്റിൽ നിന്ന് അകലേക്ക് മാറ്റാൻ മറ്റുള്ളവർ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. ഷോക്കേറ്റയാൾ സംഭവസ്ഥലത്തു തന്ന മരിച്ചതായി വലിച്ചതായി വീഡിയോ പങ്കുവെച്ചവർ പറഞ്ഞു.

കനത്ത മഴയിലും ശക്തമായ കാറ്റിലും ജിദ്ദ അൽഫലാഹ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിന്റെ മേൽക്കൂര തകർന്നു. ഇന്നലെ സൗദിയിൽ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദയിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉത്തര സൗദിയിലായിരുന്നു മഴ ഏറ്റവും ശക്തം. അൽജൗഹറ സ്റ്റേഡിയത്തിൽ 135 മില്ലീമീറ്ററും ജിദ്ദ എയർപോർട്ടിൽ 51 മില്ലീമീറ്ററും അൽബസാതീൻ ഡിസ്ട്രിക്ടിൽ 81 മില്ലീമീറ്ററും മഴ ലഭിച്ചു.
യാമ്പുവിൽ മഴയിലും കാറ്റിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. നാശനഷ്ടങ്ങൾ നേരിട്ട സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചാണ് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി സ്വത്തുവകകൾക്ക് നേരിട്ട നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പ് പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട വകുപ്പുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും.
സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും വ്യായാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്താനി പറഞ്ഞു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അൽഖസീമിലും കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിലും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
