ജിദ്ദ: സൗദി അറേബ്യയിൽ സർക്കാർ-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി കരടു നിയമാവലി പ്രസിദ്ധീകരിച്ചു.

പുരുഷന്മാര്‍ ഔദ്യോഗിക ദേശീയ വസ്ത്രം (തോബ്, ശിരോവസ്ത്രം, ഗുത്‌റ, അല്ലെങ്കില്‍ ശമാഗ്, എന്നിവ അടങ്ങിയ ദേശീയ വസ്ത്രം) ധരിക്കണമെന്നതും സ്ത്രീകള്‍ ഇറുകിയതോ സുതാര്യമോ അല്ലാത്ത, ശരീരം മൂടുന്ന, മാന്യമായ വസ്ത്രം ധരിക്കണമെന്നതുമാണ് നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം. പ്രഫഷനലും ഉചിതവുമായ വേഷവിധാനം ധരിക്കുകയും വ്യക്തിഗത ശുചിത്വം പാലിക്കുകയും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അര്‍ഥങ്ങളുള്ള വസ്തുക്കള്‍ ധരിക്കുന്നത് ഒഴിവാക്കുകയും വേണമെന്നും കരടു നിർദേശത്തിലുണ്ട്.
മതങ്ങളെ വ്രണപ്പെടുത്തുന്ന, ഗോത്രവാദത്തെ ഉത്തേജിപ്പിക്കുന്ന, രാജ്യത്തിനും അതിന്റെ സ്ഥാനത്തിനും ദോഷം വരുത്തുന്ന രാഷ്ട്രീയ നിലപാടുകളോ പ്രത്യയശാസ്ത്ര വിശ്വാസങ്ങളോ വെളിപ്പെടുത്തുന്ന പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമായ എല്ലാ നടപടികളിൽനിന്നും ജീവനക്കാരും തൊഴിലാളികളും വിട്ടുനിൽക്കണം.
